ശാന്തമ്പാറ കൊലക്കേസ്; പ്രതി വസീമിനെ റിസോര്‍ട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി - santhanpara evidence collection
കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലാത്തതിനാല്‍ റിജോഷിന്‍റെ ഭാര്യ ലിജിയെ തെളിവെടുപ്പിന് എത്തിച്ചില്ല

ഇടുക്കി: ശാന്തമ്പാറ റിജോഷ് കൊലക്കേസിലെ പ്രതി റിസോര്‍ട്ട് മാനേജര്‍ വസീമിനെ കഴുതക്കുളംമേട്ടിലെ മഷ്‌റൂം ഹട്ട് റിസോര്‍ട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലാത്തതിനാല്‍ റിജോഷിന്‍റെ ഭാര്യ ലിജിയെ തെളിവെടുപ്പിന് എത്തിച്ചില്ല. മുബൈ ജയിലിലായിരുന്ന കേസിലെ ഒന്നാം പ്രതി വസീമിനെയും രണ്ടാം പ്രതി റിജോഷിന്‍റെ ഭാര്യ ലിജിയെയും തിങ്കളാഴ്‌ച രാവിലെയായിരുന്നു ശാന്തമ്പാറ പൊലീസ് നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയത്. തുടര്‍ന്ന് ബുധനാഴ്‌ച രാവിലെയാണ് കഴുതക്കുളം മേട്ടിലെ മഷ്‌റൂം ഹട്ട് റിസോര്‍ട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ഫാം ഹൗസിനോട് ചേര്‍ന്നുള്ള ഔട്ട്ഹൗസ്, റിജോഷിന്‍റെ മൃതദേഹം കുഴിച്ച് മൂടിയ മഴവെള്ള സംഭരണി എന്നിവിടങ്ങളില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹം കുഴിച്ചുമൂടാന്‍ ഉപയോഗിച്ച തൂമ്പയും പൊലീസ് കണ്ടെടുത്തു. താന്‍ ഒറ്റക്കാണ് കൊല നടത്തിയതെന്നാണ് വാസീം പൊലീസിന് മൊഴി നല്‍കിയത്. ഔട്ട്ഹൗസില്‍ വച്ച് ഉണ്ടായ പിടിവലിയില്‍ റിജോഷ് തലയടിച്ച് വീഴുകയായിരുന്നുവെന്നും തുടര്‍ന്ന് കുഴിയെടുത്ത്, പെട്രോള്‍ ഒഴിച്ച് കത്തിക്കുമ്പോഴാണ് റിജോഷ് മരിച്ചതെന്നും വാസീം പൊലീസിനോട് പറഞ്ഞു. എന്നാല്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
തെളിവെടുപ്പിനായി പ്രതികളെ എത്തിക്കുന്നതറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടിയിരുന്നു. വന്‍സുരക്ഷയും പൊലീസ് ഒരുക്കിയിരുന്നു. അഞ്ച് സ്റ്റേഷനില്‍ നിന്നുള്ള നൂറോളം പൊലീസുകാരും എത്തിയിരുന്നു. മൂന്നാര്‍ ഡിവൈഎസ്‌പി എം.രമേഷ് കുമാര്‍, ശാന്തമ്പാറ സിഐ പ്രദീപ് കുമാര്‍, രാജാക്കാട് സിഐ എച്ച്.എല്‍.ഹണി അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.