ഇടുക്കി: കല്ലാര്‍കുട്ടി അണക്കെട്ടിന് സമീപം താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ച് കല്ലാര്‍കുട്ടി നിവാസികള്‍. കല്ലാര്‍കുട്ടി പട്ടയാവകാശ സംരക്ഷണവേദിയുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളം കര്‍ഷകരെ പങ്കെടുപ്പിച്ച് മാര്‍ച്ച് രണ്ടിന് പ്രക്ഷോഭ സമരം നടത്താന്‍ തീരുമാനിച്ചതായി സംരക്ഷണവേദി ഭാരവാഹികള്‍ അടിമാലിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
കല്ലാര്‍കുട്ടിയിലെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കാമെന്ന് 1968ല്‍ സമര്‍പ്പിച്ച മാത്യുമണിയങ്ങാടന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്‍പ്പെടെ സൂചിപ്പിച്ചിട്ടും മാറി മാറി വന്ന സര്‍ക്കാരുകള്‍ കല്ലാര്‍കുട്ടിയിലെ ജനങ്ങളെ രണ്ടാംതരം പൗരന്‍മാരായാണ് കാണുന്നതെന്ന് സംരക്ഷണവേദി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. 70 വര്‍ഷത്തോളമായി തങ്ങള്‍ പട്ടയമെന്ന ആവശ്യം മുമ്പോട്ട് വയ്ക്കുന്നുവെന്നും ഇനിയും ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ സമരത്തിന്‍റെ രൂപം മാറുമെന്നും പട്ടയാവകാശ സംരക്ഷണവേദി ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ സംരക്ഷണവേദി ഭാരവാഹികളായ പി.വി. അഗസ്റ്റിന്‍, ജയിന്‍സ് യോഹന്നാന്‍, കെ.ബി. ജോണ്‍സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.