ഇടുക്കി : ചെറുതോണി പാലം നിർമ്മാണ ഉദ്ഘാടനത്തിന് വേണ്ടി നിർമ്മിക്കുന്ന പന്തലിനെതിരെ വ്യാപക പ്രതിഷേധം. കൊവിഡ് പ്രോട്ടോക്കോള്‍ നിലനിൽക്കുമ്പോഴും പടുകൂറ്റൻ പന്തലാണ് ചെറുതോണി ടൗണിൽ ഉയരുന്നത്. 144 പ്രഖ്യാപിച്ചിരിക്കുകയും ആൾക്കൂട്ടം ഒഴിവാക്കപ്പെടുകയും ചെയ്യേണ്ട സാഹചര്യത്തിലാണ് ചെറുതോണി പാലം നിർമാണോദ്ഘാടനം ചൊവ്വാഴ്ച നടക്കുന്നത്. കേവലം 20 പേർക്ക് മാത്രമാണ് സർക്കാർ പരിപാടികളിൽ പങ്കെടുക്കുവാൻ അനുമതിയുള്ളൂ. ഈ സാഹചര്യത്തിലാണ് ചെറുതോണിയിലെ റോഡ് കൈയേറി പടുകൂറ്റൻ പന്തലൊരുക്കിയിരിക്കുന്നത്. ചെറുതോണിയിലെ വ്യാപാര സ്ഥാപനങ്ങളെ മറച്ചുകൊണ്ട് നിർമ്മിച്ചിരിക്കുന്ന പന്തലിനെതിരെ വ്യാപക പ്രതിഷേധം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു.
കലക്ടറേറ്റിൽ കൂടിയ സർവകക്ഷിയോഗ തീരുമാനത്തിൽ 20 പേർക്ക് ഇരിക്കാനുള്ള സംവിധാനമൊരുക്കാൻ മാത്രമായിരുന്നു നിർദേശം നൽകിയത്. ഈ നിർദേശം അവഗണിച്ച് കൊണ്ടാണ് ഇപ്പോൾ പടുകൂറ്റൻ പന്തല്‍ ലക്ഷക്കണക്കിന് രൂപ മുതൽ മുടക്കിൽ നിർമിക്കുന്നതെന്ന് ബിജെപി ഇടുക്കി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് മീനത്തേരിൽ പറഞ്ഞു.
പൈനാവ് പെരുങ്കാല മണിയാറൻകുടി ഹൈവേ നിർമ്മാണോദ്ഘാടനത്തിൽ പങ്കെടുത്ത ജനപ്രതിനിധിയിൽ നിന്നും പകർന്ന കൊവിഡ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പെടെയുള്ള നിരവധി പേരെ രോഗികളാക്കിയിരുന്നു. ചെറുതോണിയിലെ പന്തലിൽ നിന്നുതന്നെയായിരുന്നു മൂന്നാഴ്ച മുമ്പ് ഈ രോഗം പടർന്നു പിടിച്ചത്. ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായിട്ടുമാണ് പടുകൂറ്റൻ പന്തലൊരുക്കി കൂടുതൽ ആളുകളെ ആകർഷിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.