ഇടുക്കി: കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ അടിമാലി മേഖലയില്‍ ജാഗ്രത കടുപ്പിച്ച് പൊലീസും ആരോഗ്യവകുപ്പും. കണ്ടെയിൻമെന്‍റ് സോണായി വിജ്ഞാപനം ചെയ്‌തിട്ടുള്ള മൂന്ന്, അഞ്ച്, 18 പഞ്ചായത്ത് പരിധിയിലെ ഇടങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയി. ഇവിടങ്ങളില്‍ അവശ്യസാധന വില്‍പനകേന്ദ്രങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറക്കുന്നത് ഒഴിച്ചാല്‍ ആളുകള്‍ പുറത്തിറങ്ങുന്നതിന് കര്‍ശന നിയന്ത്രണമുണ്ട്. ആരോഗ്യവകുപ്പിന്‍റെയും പൊലീസിന്‍റെയും നിര്‍ദേശങ്ങളോട് ആളുകള്‍ പൂര്‍ണമായി സഹകരിക്കണമെന്ന് അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ്ജ് അഭ്യര്‍ഥിച്ചു.
അടിമാലി പഞ്ചായത്ത് പരിധിയില്‍ ഇരുമ്പുപാലം,പത്താംമൈല്‍ മേഖലകളിലാണ് കൂടുതല്‍ കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നത്. പത്താംമൈലില്‍ വെള്ളിയാഴ്‌ചയും ഇരുമ്പുപാലത്ത് ശനിയാഴ്‌ചയും ആന്‍റിജന്‍ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടിമാലി ടൗണ്‍ പരിധിയിലും ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് മുമ്പോട്ട് വയ്ക്കുന്നുണ്ട്. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടിമാലി വില്ലേജ് ഓഫീസ് താല്‍ക്കാലികമായി അടച്ചിരുന്നു.