ഇടുക്കി:അടിമാലി ടൗണുമായി ചേര്‍ന്ന് കിടക്കുന്ന ലൈബ്രറി റോഡില്‍ നിന്നാരംഭിച്ച് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിന് സമീപം അവസാനിക്കുന്ന റോഡിന്‍റെ നിര്‍മ്മാണ ജോലികള്‍ ഇനിയും പൂര്‍ത്തീകരിക്കാത്തത് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു .റോഡിന് ഇടഭാഗത്തായി കുറച്ചു ദൂരം മാത്രം യാതൊരുവിധ നിര്‍മ്മാണ ജോലികളും നടത്താതെ അവശേഷിപ്പിച്ചിട്ടുള്ളതാണ് വലിയ പ്രതിഷേധത്തിന് ഇടവരുത്തുന്നത്. റോഡിന്‍റെ മറ്റ് ഭാഗങ്ങള്‍ തകര്‍ന്ന് കിടക്കുന്നതും യാത്രാക്ലേശം കൂട്ടുന്നു. കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയ്‌ക്ക് പുറമെ കൂമ്പന്‍പാറ ഭാഗത്തു നിന്നും അടിമാലി ടൗണിലെത്താൻ ഉപയോഗിക്കുന്ന സമാന്തരപാതയാണിത്.
ഈ റോഡിന്‍റെ കേവലം 500 മീറ്റർ മാത്രമാണ് നിരപ്പായിട്ടുള്ളത്. തുടക്ക ഭാഗത്തും അവസാന ഭാഗത്തും റോഡ് ഒരു വിധം ഗതാഗത യോഗ്യമാണെങ്കിലും ഇടഭാഗത്ത് റോഡ് തകര്‍ന്ന് കിടക്കുന്നത് വാഹനഗതാഗതം അസാധ്യമാക്കുന്നു.ഈ ഭാഗത്തു കൂടി നിര്‍മ്മാണ ജോലികള്‍ നടത്തിയാല്‍ പ്രശ്‌നപരിഹാരമാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു.അടിമാലിക്കും കൂമ്പന്‍പാറക്കുമിടയില്‍ എവിടെങ്കിലും ഗതാഗത തടസ്സമുണ്ടായാല്‍ വാഹനങ്ങള്‍ വഴി തിരിച്ച് വിടാന്‍ കൂടി സഹായകരമായ പാതയാണ് നിര്‍മ്മാണവും കാത്ത് കിടക്കുന്നത്.