ഇടുക്കി: അറുപത്താറിന്‍റെ നിറവിലാണ് കല്ലാര്‍ പട്ടം കോളനി. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചപ്പോള്‍ ഇടുക്കിയിലെ ഹൈറേഞ്ച് കേരളത്തിനൊപ്പം നില്‍ക്കാന്‍ ഇടയാക്കിയത് കോളനിയുടെ രൂപീകരണമാണ്.
ഹൈറേഞ്ചിന്‍റെ വിവിധ പ്രദേശങ്ങള്‍ തമിഴ്‌നാടിന്‍റെ ഭാഗമാകാതിരിക്കുന്നതിനായി അന്നത്തെ തിരു- കൊച്ചി മുഖ്യമന്ത്രി പട്ടം താണുപിള്ള ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം പ്രഖ്യാപിച്ചു. കൃഷി ചെയ്യാന്‍ സ്വന്തമായി ഭൂമിയില്ലാതിരുന്ന കര്‍ഷകര്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമിയും പണിയായുധങ്ങളും കൃഷിക്ക് വായ്‌പയും നല്‍കി.
1955 ജനുവരി 20ന് പട്ടം കോളനി ഔദ്യോഗികമായി രൂപം കൊണ്ടു. ഹൈറേഞ്ചിലെ അതിര്‍ത്തി മേഖലകളെ കേരളത്തിനൊപ്പം നിര്‍ത്തുക എന്നതിനൊപ്പം ഭക്ഷ്യ ക്ഷാമം പരിഹരിയ്ക്കുക എന്ന ലക്ഷ്യവും ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീമിനുണ്ടായിരുന്നു.
നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളിലായാണ് കോളനി സ്ഥിതി ചെയ്യുന്നത്. കുടിയേറ്റത്തിന്‍റെ ആദ്യ കാലഘട്ടങ്ങളില്‍ പൊലിസ് സ്‌റ്റേഷനും വിവിധ റവന്യു ഓഫീസുകളും ഉള്‍പ്പടെ ഉടുമ്പന്‍ചോല താലൂക്കിലെ പ്രധാന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് പട്ടം കോളനിയുടെ ആസ്ഥാനമായിരുന്ന മുണ്ടിയെരുമയിലായിരുന്നു. പിന്നീട് ഇവയില്‍ പലതും നെടുങ്കണ്ടത്തേയ്ക്ക് മാറ്റി. കോളനിയിലെ പ്രധാന വ്യാപാര കേന്ദ്രമായ തൂക്കുപാലവും വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍മേടും വിവിധ ഗ്രാമ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്നത് വികസന മുരടിപ്പിന് കാരണമാകുന്നു. യാതൊരു നിയമ തടസവുമില്ലാത്ത ഭൂമിയാണെങ്കിലും ഇവിടുത്തെ പട്ടയ വിതരണം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. പട്ടം കോളനി ഗ്രാമ പഞ്ചായത്ത് എന്ന ആവശ്യത്തിനും ആറര പതിറ്റാണ്ടിന്‍റെ പഴക്കമുണ്ട്.