ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന റോഡിന്‍റെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ ദുരിതത്തിലാണ് ഇടുക്കി വട്ടവട കോവിലൂര്‍ മേഖലയിലെ കര്‍ഷക കുടുംബങ്ങള്‍. റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലേയ്ക്ക് പോകാനെത്തിയ പൂര്‍ണ്ണ ഗര്‍ഭിണിയും കുന്നുകയറി നടക്കേണ്ടിവന്നത് കിലോമീറ്ററോളമാണ്. ആശുപത്രി ആവശ്യങ്ങള്‍ക്ക് പോലും രോഗികളുമായി ഇതുവഴി കടന്നുപോകാന്‍ കഴിയില്ല. കിടപ്പുരോഗികളെയടക്കം ചുമന്ന് കോവിലൂര്‍ റോഡിലെത്തിച്ചതിന് ശേഷമാണ് വാഹനത്തില്‍ ആശുപത്രികളില്‍ എത്തിക്കുന്നത്. വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ പ്രളയത്തിലാണ് കോവിലൂരില്‍ നിന്നും വട്ടവട, പഴത്തോട്ടം എന്നിവടങ്ങളിലേയ്ക്കുള്ള ഏക റോഡിന്‍റെ വശമിടിഞ്ഞ് വീണത്. തുടര്‍ന്ന് റോഡ് പുനര്‍ നിര്‍മിക്കുന്നതിന് പഞ്ചായത്ത് ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ബ്ലോക്ക് പഞ്ചായത്ത് മാത്രം അഞ്ച് ലക്ഷം രൂപ അനുവദിച്ചു. ഇതുപയോഗിച്ച് നിര്‍മാണം ആരംഭിച്ചെങ്കിലും ജില്ലാ പഞ്ചായത്ത് ഫണ്ടനുവധിക്കാന്‍ തയ്യാറായില്ല. ഇതോടെ നിര്‍മാണം അവതാളത്തിലായി. എന്നാല്‍ നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും. ബാക്കി തുക തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വകയിരുത്തിയിട്ടുണ്ടെന്നും ഉടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് രാമരാജ് വ്യക്തമാക്കി.