ഇടുക്കി: സേനാപതി ഇല്ലിപാലം ചപ്പാത്തിന് സമീപം പന്നിയാർ പുഴയിൽ വീണു കിടക്കുന്ന വൻമരം മുറിച്ചു നീക്കാൻ നടപടിയായില്ല. ഒരാഴ്ച മുൻപാണ് വൻ മരം കടപുഴകി പന്നിയാർ പുഴയിലേക്ക് പതിച്ചത് . മരത്തിന്‍റെ ശിഖരങ്ങൾ രാജകുമാരി പഞ്ചായത്തിലും ചുവട് ഭാഗം സേനാപതി പഞ്ചായത്തിലുമാണ് . പുഴയുടെ ഒഴുക്ക് തടസപ്പെടുത്തുന്ന വിധം വീണ് കിടക്കുന്ന മരം വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികൾ ഇരുപഞ്ചായത്തുകളെയും ,ബന്ധപ്പെട്ട അധികൃതരെയും വിവരം അറിയിച്ചെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്നാണ് ആരോപണം.
തുലാമഴയുടെ സമയമായതിനാൽ പന്നിയാർ പുഴയിൽ എപ്പോൾ വേണമെങ്കിലും ജലനിരപ്പ് ഉയരാൻ സാധ്യത ഉണ്ട്. അങ്ങനെ സംഭവിച്ചാൽ മരത്തിൽ തട്ടി പുഴ ഗതിമാറി ഒഴുകാനും ഇല്ലിപാലം മുരിക്കുംതൊട്ടി റോഡിന് താഴ്ഭാഗത്തെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറുവാനുമുള്ള സാധ്യത നിലനിൽക്കുന്നതായി നാട്ടുകാർ പറഞ്ഞു .കൂടാതെ പന്നിയാർ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പമ്പ് ഹൗസിലും വെള്ളം കയറുമെന്നതിൽ സംശയമില്ല. പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന മരം എത്രയും പെട്ടെന്ന് വെട്ടിമാറ്റണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.