ഇടുക്കി: തൂക്കുപാലം ബസ് സ്റ്റാന്‍റിലെ ശുചിമുറികള്‍ സംരക്ഷണം ഇല്ലാതെ നശിക്കുന്നു. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കംഫര്‍ട്ട് സ്റ്റേഷന്‍ തകർച്ചയിലാണ്. തൂക്കുപാലം ടൗണില്‍ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാന്‍റില്‍ നിര്‍മിച്ചിരിക്കുന്ന ശുചിമുറികളാണ് സംരക്ഷണം ഇല്ലാതെ നശിക്കുന്നത്. നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ ഗ്രാമ പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പട്ടണമാണ് തൂക്കുപാലം. ടൗണിന്‍റെ വികസനത്തിനായി മൂന്ന് ഗ്രാമ പഞ്ചായത്തുകളും കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ല എന്ന ആക്ഷേപമുണ്ട്.
തൂക്കുപാലം ബസ് സ്റ്റാന്‍റില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലക്ഷങ്ങള്‍ മുടക്കി നെടുങ്കണ്ടം പഞ്ചായത്ത് ടൊയ്‌ലറ്റ് കോംപ്ലക്‌സ് നിര്‍മിച്ചത്. പിന്നീട് കെട്ടിടത്തിന്‍റെ അറ്റകുറ്റ പണികള്‍ നടത്താന്‍ പഞ്ചായത്ത് തയ്യാറായിട്ടില്ല. ശുചിമുറി കെട്ടിടത്തിന്‍റെ ഭിത്തികളില്‍ വലിയ വിള്ളലുകള്‍ വീണു. കെട്ടിടം ഏത് നിമിഷവും നിലംപൊത്തുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.