ഇടുക്കി: മരം മുറിക്കാന്‍ ഉത്തരവുണ്ടായിട്ടും വനംകുപ്പ് നടപടി സ്വീകരിക്കാത്തതിനാല്‍ ദേശീയപാത നിര്‍മ്മാണം അനിശ്ചിതത്വത്തില്‍. നിര്‍മ്മാണം പുരോഗമിക്കുന്ന കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ ബോഡിമെട്ടുമുതല്‍ ദേവികുളം വരെയുള്ള ഭാഗത്തെ മരങ്ങളാണ് മുറിച്ച് നീക്കാനുള്ളത്. പൂപ്പാറ മുതല്‍ ദേവികുളം വരെ 1680 മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് 2018ല്‍ ഉത്തവായിരുന്നു. എന്നാല്‍ അത് നടപ്പായില്ല. ആകെ മൂന്ന് മരങ്ങള്‍ മാത്രമാണ് മുറിച്ചുമാറ്റിയത്. വനം വകുപ്പിന്‍റെ അനാസ്ഥക്കെതിരെ ജനരോഷം രൂക്ഷമായിരിക്കുകയാണ്
ദേശീയപാതയുടെ നിർമാണകരാറുകാരന്‍റെ ഭാഗത്ത് നിന്നല്ലാതെയുണ്ടാകുന്ന വീഴ്ചയില്‍ നിര്‍മാണം തടസപ്പെട്ടാല്‍ ഇതിന് ആനുപാതികമായ നഷ്‌ടപരിഹാരം സര്‍ക്കാര്‍ കരാറുകാരന് നല്‍കണമെന്നതാണ് വ്യവസ്ഥ. നിര്‍മാണം തടസപ്പെട്ടത് മൂലം സര്‍ക്കാര്‍ കരാറുകാരന് രണ്ട് കോടി മുപ്പത്തിനാല് ലക്ഷം രൂപ അധികം നല്‍കേണ്ട സാഹചര്യമാണുള്ളത്.
നിര്‍മാണം വൈകിയത് മൂലം കരാര്‍ റോഡ് നിര്‍മാണത്തിന്‍റെ കാലവധിയും കഴിഞ്ഞു. ഒരുവര്‍ഷം കൂടി കാലാവധി നീട്ടികിട്ടുന്നതിന് അപേക്ഷ നല്‍കിയിരിക്കുകയാണ് കരാറുകാരന്‍. മരം മുറിക്കുന്നതിന് ഇനിയും കാലതാമസം നേരിട്ടാല്‍ നിര്‍മാണം വൈകുന്നതിനൊപ്പം ഭീമമായ തുക സര്‍ക്കാര്‍ കരാറുകാരന്‍ നഷ്‌ടപരിഹാരവും നല്‍കേണ്ടിവരും.