ഇടുക്കി: മൂന്നാര്‍ ഷോക്കെയിസ് അസോസിയേഷന് കീഴിലുള്ള ഹോട്ടലുകളും റിസോര്‍ട്ടുകളും തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനായുള്ള പ്രാരംഭഘട്ട ജോലികള്‍ ആരംഭിച്ചു. കൊവിഡ് പ്രതിരോധമാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചായിരിക്കും സ്ഥാപനങ്ങള്‍ തുറക്കുക. കൈകള്‍ ശുചീകരിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് പുറത്ത് സൗകര്യം ക്രമീകരിക്കും. ഓരോ തവണയും മുറികള്‍ പൂര്‍ണ്ണമായി അണുവിമുക്തമാക്കും. തെര്‍മ്മല്‍ സ്‌കാനിംഗ് നടത്തി പനിയോ രോഗലക്ഷണങ്ങളോ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമേ ആളുകളെ സ്ഥാപനങ്ങള്‍ക്കുള്ളില്‍ പ്രവേശിപ്പിക്കു. ജാഗ്രതയില്‍ തെല്ലും വിട്ടുവീഴ്ച്ചയില്ലാതെയായിരിക്കും പ്രവര്‍ത്തനം പുനരാരംഭിക്കുകയെന്ന് മൂന്നാര്‍ ഷോക്കെയിസ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് വിനോദ് പറഞ്ഞു.
സ്ഥാപനങ്ങള്‍ തുറക്കുന്നതിനായുള്ള ശുചീകരണ ജോലികള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. കഴിഞ്ഞ മൂന്ന് മാസക്കാലത്തോളമായി ഹോട്ടലുകളും റിസോര്‍ട്ടുകളും അടഞ്ഞ് കിടക്കുന്നത് മൂന്നാറിന്‍റെ വിനോദ സഞ്ചാരമേഖലയില്‍ വലിയ ആഘാതമാണ് സൃഷ്‌ടിക്കുന്നത്. ഹോട്ടലുകളും റിസോര്‍ട്ടുകളും തുറന്നാലും സഞ്ചാരികള്‍ എത്തി മൂന്നാര്‍ സജീവമാകാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടി വരും.