ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു (Mullaperiyar Dam). മൂന്ന് വര്‍ഷത്തിനുശേഷം ഇന്ന് രാവിലെ ഏഴരയോടെയാണ് (2021 ഒക്ടോബര്‍ 29) വീണ്ടും തുറന്നത് (Opens). സ്പിൽവേ (Spillway) വഴി സെക്കന്‍ഡില്‍ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
ജലനിരപ്പ് ക്രമീകരിക്കുക ലക്ഷ്യം
138.7 അടിയായ ജലനിരപ്പ് 138 അടിയിലേക്ക് നിജപ്പെടുത്തുകയാണ് ലക്ഷ്യം. മഴ ശക്തമായാല്‍ ഇടുക്കി അണക്കെട്ടും ഇന്ന് വൈകിട്ടോടെ തുറന്നേക്കും. അതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.32 അടി എത്തിയതോടെ റെഡ് അലര്‍ട്ട് നല്‍കി.
ഉയര്‍ത്തിയത് 35 സെന്‍റീമീറ്റര്‍ വീതം
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ മൂന്ന്, നാല് നമ്പർ ഷട്ടറുകളാണ് തുറന്നത്. ഇരു ഷട്ടറുകളും 35 സെന്‍റീമീറ്റര്‍ ഉയർത്തി. ആദ്യം ജനവാസ മേഖലയായ വള്ളക്കടവിലും പിന്നീട് വണ്ടിപ്പെരിയാര്‍, മ്ലാമല, ശാന്തിപ്പാലം, കെ. ചപ്പാത്ത്, ആലടി, ഉപ്പുതറ, കാഞ്ചിയാര്‍ വഴി ഇടുക്കി അണക്കെട്ടിലെത്തിച്ചേരും. അഞ്ച് മണിക്കൂറില്‍ വെള്ളം അയ്യപ്പന്‍കോവിലിലെ ഇടുക്കി അണക്കെട്ടിന്‍റെ സംഭരണിയിലെത്തുമെന്നാണ് കരുതുന്നത്.
തുറന്നത് അര മണിക്കൂര്‍ വൈകി
രാവിലെ 7 മണിയോടെ തുറക്കുമെന്നാണ് തമിഴ്നാട് അധികൃതർ അറിയിച്ചിരുന്നത്. മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ. രാജനും 6.45ന് തന്നെ തേക്കടിയിൽനിന്നു ബോട്ടിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ എത്തിയിരുന്നു. എന്നാല്‍ അല്‍പം വൈകുമെന്ന് തമിഴ്നാട് ഉദ്യോഗസ്ഥർ കേരള സംഘത്തെ അറിയിച്ചു. തമിഴ്നാട് സംഘത്തിന് സ്പീഡ് ബോട്ടില്ലാത്തതിനാല്‍ സാധാരണ ബോട്ടിലെത്തിയത് കൊണ്ടാണ് വൈകിയത്. 7 മണിക്ക് ആദ്യ സൈറനും 7.15ന് രണ്ടാം സൈറനും 7.24ന് മൂന്നാം സൈറനും മുഴക്കി. 7.29ന് മൂന്നാം നമ്പർ ഷട്ടറും 7.30ന് നാലാം നമ്പർ ഷട്ടറും ഉയർത്തി. മന്ത്രി റോഷി അഗസ്‌റ്റിന്‍, റവന്യൂമന്ത്രി കെ. രാജൻ, ഇടുക്കി ജില്ലാ കലക്‌ടര്‍ ഷീബ ജോര്‍ജ്, ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ. ഫിലിപ്പ് എന്നിവര്‍ മുല്ലപ്പെരിയാറില്‍ ഇന്നലെ മുതല്‍ ക്യമ്പ് ചെയ്യുകയാണ്.
2018ലെ മഹാപ്രളയത്തിനുശേഷം ആദ്യമായാണ് മുല്ലപ്പെരിയാർ ഇന്ന് തുറന്നത്. വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് മൂലമുള്ള പ്രതിസന്ധി നേരിടാൻ കേരളം സുസജ്ജമാണ്. സുരക്ഷ മുന്‍നിര്‍ത്തി വെള്ളം ഒഴുകുന്ന ഏഴ് വില്ലേജിലായി 21 ക്യാമ്പ് തുറന്നിട്ടുണ്ട്. 350 കുടുംബങ്ങളിലെ 1079 പേരെ മാറ്റിപ്പാർപ്പിച്ചു. പീരുമേട് താലൂക്കിൽ മാത്രം എട്ടുദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.