ഇടുക്കി : സമ്പൂര്‍ണ ഭവന പദ്ധതി നടപ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴും ഇടുക്കിയിലെ നിയമക്കുരുക്കില്‍ വലഞ്ഞ് നിരവധി കുടുംബങ്ങൾ. അതിന്‍റെ നേര്‍ക്കാഴ്‌ചയാണ് ചിന്നക്കനാലിലെ ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ മാരിമുത്തുവും കുടുംബവും നയിക്കുന്ന ദുരിത ജീവിതം.
ആരോ ഉപേക്ഷിച്ച പഴയ തകര ഷീറ്റില്‍ നിര്‍മിച്ച ഷെഡ് ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. മഴ പെയ്താല്‍ മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നതിനൊപ്പം മല മുകളില്‍ നിന്നും വരുന്ന വെള്ളം ഷെഡിനുള്ളിലൂടെ ഒഴുകിയെത്തും. ഭക്ഷണം പാകം ചെയ്യുന്നതും കിടക്കുന്നതും ഒരിടത്ത്. ഇതിനോട് ചേര്‍ന്ന് ചാക്കുകൊണ്ട് മറച്ചതാണ് ശുചി മുറി. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയും പ്രായമായ അമ്മയുമടക്കം ആറുപേരുള്ള മാരിമുത്തുവിന്‍റെ കുടുംബം ഇവിടെയാണ് വര്‍ഷങ്ങളായി താമസിക്കുന്നത്.
കടം വാങ്ങിയും കൂലിവേല ചെയ്തുമാണ് മൂന്ന് സെന്‍റ് സ്ഥലം മാരിമുത്തു വിലയ്ക്ക് വാങ്ങിയത്. പിന്നാക്ക വിഭാഗക്കാരായ ഇവര്‍ 2013 മുതല്‍ വീടിന് വേണ്ടി അപേക്ഷ നൽകുന്നുണ്ട്. എന്നാല്‍ നിര്‍മാണ നിരോധനവും ജില്ലയിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങളും മൂലം ഇവര്‍ക്ക് പൊസഷന്‍ സര്‍ട്ടിഫിക്കറ്റ് റവന്യൂ വകുപ്പില്‍ നിന്നും നല്‍കുന്നില്ല. ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ചിട്ടും സ്വന്തമായൊരു വീടെന്ന സ്വപ്നം മാരിമുത്തുവിന് ഇന്നും അന്യമാണ്.
ഇത്തരത്തിൽ സ്വന്തമായൊരു വീടിനായി സര്‍ക്കാരിന്‍റെ കനിവ് കാത്ത് നൂറ് കണക്കിന് കുടുംബങ്ങളാണ് ചിന്നക്കനാല്‍ അടക്കമുള്ള ഇടുക്കിയുടെ മലയോര മേഖലകളില്‍ താമസിക്കുന്നത്. ഭൂനിയമ ഭേദഗതിയെന്ന സര്‍ക്കാര്‍ വാഗ്‌ദാനം നടപ്പിലാകുന്നത് വരെ ഇവരുടെ ദുരിത ജീവിതത്തിന് അറുതിയുണ്ടാകില്ല.