ഇടുക്കി: തൊഴിലുറപ്പ് പദ്ധതിയിൽ വൻ ക്രമക്കേടെന്ന് വ്യാജ പ്രചാരണം നടത്തിയ യുവാവിനെതിരെ നിയമ നടപടിക്കൊരുങ്ങി മൂന്നാര്‍ പഞ്ചായത്ത്. ബ്രഷ് വുഡ് ചെക്ക് ഡാമും തോട് പുനരുദ്ധാരണ പ്രവർത്തനങ്ങളുമടങ്ങിയ പദ്ധതിയുടെ വിവരങ്ങൾ മനസിലാക്കാതെ അഴിമതിയെന്ന തരത്തിൽ യുവാവ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു.
കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന ബ്രഷ് വുഡ് ചെക്ക് ഡാമും, തോട് നവീകരണ പ്രവർത്തനവുമായിരുന്നു ഇവിടെ നടത്തിയത്. എന്നാൽ പൂർത്തിയാകാത്ത പദ്ധതിയുടെ അടങ്കൽ തുക അടങ്ങിയ ബോർഡും തണ്ണീർതട സംരക്ഷണത്തിന്‍റെ ഭാഗമായി നിർമ്മിച്ച ചെക്ക് ഡാമും മാത്രം ഉൾപ്പെടുത്തി വീഡിയോ എടുത്ത് യുവാവിന്‍റെ വിവരണവും ചേർത്ത് സോഷ്യൽ മീഡിയായിൽ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ വിശദീകരണവുമായി പഞ്ചായത്ത് രംഗത്തെത്തി.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും പഞ്ചായത്തിന് അവമതിപ്പുണ്ടാക്കുകയും ചെയ്യുന്ന തരത്തിൽ വ്യാജ പ്രചരണം നടത്തിയ യുവാവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. സമാനമായ പദ്ധതി മറ്റ് 26 ഇടങ്ങളിലും പഞ്ചായത്ത് മാതൃകപരമായി നടത്തിവരുമ്പോളാണ് യുവാവിന്‍റെ വ്യാജ വീഡിയോ വൈറലായത്.