ഇടുക്കി : ചിന്നക്കനാലില്‍ ആദിവാസികളുടെ സ്ഥലം, കയ്യേറിയും പ്രദേശവാസികളെ കബളിപ്പിച്ച് പാട്ടത്തിനെന്ന വ്യാജേനയും ഭൂമാഫിയ തട്ടിയെടുക്കുന്നതായി പരാതി. ആദിവാസി കുടുംബങ്ങള്‍ക്ക് തുഛമായ തുക നല്‍കി ലീസിനെടുക്കുന്ന സ്ഥലം പിന്നീട് ഭൂമാഫിയ സമ്പൂര്‍ണമായി കൈവശപ്പെടുത്തുകയാണ്.
ആദിവാസി ഭൂമി അനന്തരാവകാശികള്‍ക്കല്ലാതെ കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഭൂമി കയ്യടക്കാന്‍ പുതിയ മാര്‍ഗമാണ് ഇവിടെ സ്വീകരിക്കുന്നത്. ആദിവാസികളെ സമീപിച്ച് തുഛമായ തുക നല്‍കി സ്ഥലം ലീസിനെടുക്കും. പിന്നീട്, ഇവിടെ കൃഷി ആരംഭിക്കും. ശേഷം, ഇവര്‍ക്ക് ഒരു രൂപപോലും നല്‍കില്ല. ഈ ഭൂമിയിലേക്ക് പിന്നെ ഉടമസ്ഥര്‍ക്ക് പ്രവേശിക്കാനും കഴിയില്ല. ഇതോടെ ആദിവാസി ഭൂമി സ്വകാര്യവ്യക്തികളുടെ കൈവശമാകും.
അധികൃതര്‍ ഇടപെടുന്നില്ലെന്ന് പരാതി
ഇത്തരം ഭൂമികള്‍ പിന്നീട് കോടികള്‍ക്ക് മറിച്ച് വില്‍ക്കുകയാണ് ചെയ്യുന്നത്. ആദിവാസികള്‍ക്ക് പതിച്ച് നല്‍കിയ ഭൂമിയില്‍ അവര്‍ക്കാണ് അവകാശമെന്നിരിക്കെ അവരുടെ ദൈന്യത ചൂഷണം ചെയ്‌ത് ഭൂമാഫിയ തട്ടിപ്പ് നടത്തുമ്പോള്‍ അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു.
വീടും സ്ഥലവും ഉപേക്ഷിച്ചുപോയ കുടുംബങ്ങളുടെ സ്ഥലങ്ങളും ഭൂമാഫിയ വ്യാജ ലീസ് എഗ്രിമെന്‍റുണ്ടാക്കി കൈവശപ്പെടുത്തുന്നു. മുന്നൂറ്റിയൊന്ന് കോളനിയില്‍ മാത്രം അമ്പത്തിനാല് പ്‌ളോട്ടുകള്‍ ഇത്തരത്തില്‍ സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയതായാണ് വിവരം.
സമാനമായ രീതിയില്‍ പന്തടിക്കളം, ചിന്നക്കനാല്‍ , എണ്‍പതേക്കര്‍ അടക്കമുള്ള മറ്റ് കോളനികളിലും നടക്കുന്നതായാണ് വിവരം. ജില്ല ഭരണകൂടം വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ആദിവാസി ഭൂമി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പട്ടിക വര്‍ഗ ഏകോപന സമിതി ആവശ്യപ്പെട്ടു.
ALSO READ: നർക്കോട്ടിക് ജിഹാദ്; സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി