ഇടുക്കി: കെഎസ്ഇബി ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ നെടുങ്കണ്ടത്ത് ആരംഭിച്ചു. ഡിവിഷന്‍റ് ഉദ്ഘാടനം ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വൈദ്യുതി വിതരണ രംഗത്ത് കേരളം വന്‍ മുന്നേറ്റമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രസരണ പാതകള്‍ കാര്യക്ഷമമാക്കിയതാണ് ഏറ്റവും വലിയ പ്രവര്‍ത്തനമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. കെഎസ്ഇബിയുടെ സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കി ജില്ല ഭൂരിഭാഗവും എറണാകുളും ജില്ലയുടെ ഏതാനും ഭാഗങ്ങളും ഉള്‍പ്പെടുന്ന തൊടുപുഴ ഡിവിഷന്‍ വിഭജിച്ചാണ് നെടുങ്കണ്ടം കേന്ദ്രമാക്കി പുതിയ ഡിവിഷന്‍ ആരംഭിച്ചിരിക്കുന്നത്. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അധ്യക്ഷനായി. യോഗത്തില്‍ കെഎസ്ഇബി ഡിസ്ട്രിബ്യൂഷന്‍ ഐടി ആന്‍ഡ് എച്ച്ആര്‍എം ഡയറക്ടര്‍ പി. കുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ് പിള്ള, പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഉഷാ സുധാകരന്‍, നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജ്ഞാനസുന്ദരം, പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത് അംഗം ആരിഫാ അയൂബ്, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഇ.കെ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.