ഇടുക്കി: കേരളാ കോണ്‍ഗ്രസിൽ ജോസ്-ജോസഫ് വിഭാഗങ്ങള്‍ ഇടതു-വലതു മുന്നിണികളിൽ ഉറച്ചതോടെ ബൈസണ്‍വാലിയിലും കേരളാ കോണ്‍ഗ്രസ് സ്ഥാനാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ. കഴിഞ്ഞ തവണ ഒരുമിച്ച് വോട്ടുചോദിച്ചവരാണ് ഇത്തവണ മുന്നണി മാറിയതോടെ പരസ്‌പരം മത്സരിക്കുന്നത്. എങ്കിലും നൂറ് ശതമാനം വിജയ പ്രതീക്ഷയിലാണ് ഇരുവിഭാഗവും.
സംസ്ഥാനത്ത് കേരളാ കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള പഞ്ചായത്തുകളില്‍ ഒന്നാണ് ബൈസണ്‍വാലി. കേരളാ കോണ്‍ഗ്രസ് അഞ്ച് സീറ്റുകളിൽ വരെ വിജയിച്ച ചരിത്രവും ഇവിടെയുണ്ട്. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കൂടിയായ റോയിച്ചന്‍ കുന്നേലാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ സ്ഥാനാര്‍ഥി. മുതിര്‍ന്ന നേതാവും ജനകീയനുമായ സാബു പരവരാഗത്താണ് ജോസഫ് വിഭാഗത്തിന്‍റെ സാരഥി. ജോസ് വിഭാഗം ഇടതുപക്ഷത്തേക്ക് ചാഞ്ഞെങ്കിലും നേതാക്കള്‍ മാത്രമാണ് പോയതെന്നും അണികള്‍ തങ്ങള്‍ക്കൊപ്പമാണെന്നുമാണ് ജോസഫ് വിഭാഗത്തിന്‍റെ വാദം.
എന്നാല്‍ ജോസ് കെ. മാണി വിഭാഗത്തിന് സ്വാധീനം കൂടുതലുള്ള പഞ്ചായത്താണ് ബൈസണ്‍വാലി. വിരലിലെണ്ണാവുന്ന ജോസഫ് വിഭാഗക്കാര്‍ മാത്രമാണ് ഇവിടെയുള്ളതെന്നും അതിനാല്‍ നൂറ് ശതമാനം വിജയ പ്രതീക്ഷയുണ്ടെന്നും ജോസ് കെ. മാണി വിഭാഗം പറഞ്ഞു. ഇരുവിഭാഗവും തമ്മില്‍ കടുത്ത പോരാട്ടത്തിന് കളമൊരുങ്ങുമ്പോള്‍ ജനങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് അറിയാൻ ഫലപ്രഖ്യാപനം വരെ കാത്തിരിക്കാം.