ഇടുക്കി: ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയത് ബിജെപി ദേശീയ സമിതി അംഗമാണെന്ന് ആരോപിച്ച് ജോലി തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ ജില്ല കമ്മിറ്റി അംഗം രംഗത്ത്. ഉപ്പുതറ സ്വദേശിയില്‍ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ചൊവ്വാഴ്‌ചയാണ് പൂപ്പാറ സ്വദേശി രഘുനാഥ് കണ്ണാറയെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് ബിജെപി ദേശീയ സമിതി അംഗം ശ്രീനഗരി രാജനെതിരെ ആരോപണവുമായി രഘുനാഥ് കണ്ണാറ രംഗത്തെത്തിയത്.
ജോലി വാഗ്‌ദാനം ചെയ്‌ത് ഉപ്പുതറ സ്വദേശിയില്‍ നിന്ന് പണം വാങ്ങിയത് ഞാനാണ്. എന്നാല്‍ ഞാന്‍ കൈപ്പറ്റിയ മുഴുവന്‍ തുകയും ശ്രീനഗരി രാജിനെ ഏല്‍പ്പിച്ചെന്ന് രഘുനാഥ് പറഞ്ഞു. പണം കൈമാറിയിട്ടും ജോലി ലഭിക്കാത്ത ചിലര്‍ക്ക് താന്‍ സ്വന്തം പണം തിരികെ നല്‍കേണ്ടി വന്നിട്ടുണ്ടെന്നും രഘുനാഥ് പറഞ്ഞു.
ശ്രീനഗരി രാജൻ ബിജെപി പ്രവർത്തകരെ ഉപയോഗിച്ച് നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ബിജെപി സംസ്ഥാന- കേന്ദ്ര നേതൃത്വത്തിനും ശ്രീനഗരി രാജനെതിരെ പരാതി നൽകുമെന്ന് രഘുനാഥ് കണ്ണാറ പറഞ്ഞു.
അതേസമയം കേസില്‍ തനിക്ക് പങ്കില്ലെന്നും സാമ്പത്തിക ക്രമക്കേട് നടത്തി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ചിലരുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് തട്ടിപ്പ് കേസിലേക്ക് തന്നെ വലിച്ചിഴക്കുന്നതെന്നുമാണ് ശ്രീനഗരി രാജന്‍റെ വാദം.