ഇടുക്കി: പൂപ്പാറ ടൗണിൽ പന്നിയാർ പുഴ കൈയേറി നിര്‍മിച്ച കെട്ടിടം പൊളിച്ച് നീക്കാൻ സാധിക്കാതെ ശാന്തൻപാറ പഞ്ചായത്ത്. പൊളിക്കാനുള്ള ഉത്തരവുമായി അധികൃതര്‍ എത്തിയപ്പോഴേക്കും കെട്ടിട ഉടമകൾ ഹൈക്കോടതിയിൽ നിന്നും സ്റ്റേ ഉത്തരവ് സമ്പാദിച്ചു. സ്റ്റേ നീക്കി ഉടൻ തന്നെ കെട്ടിടങ്ങൾ പൊളിച്ചു നീക്കാനാണ് പഞ്ചായത്തിന്‍റെ നീക്കം.
പൂപ്പാറയിലെ പാലങ്ങൾക്കിടയിൽ പന്നിയാർ പുഴ കൈയേറി അനധികൃതമായി നിര്‍മിച്ച രണ്ടു കെട്ടിടങ്ങളാണ് പൊളിച്ചു നീക്കാൻ ശാന്തൻപാറ പഞ്ചായത്ത് തീരുമാനിച്ചത്. പൂപ്പാറ സ്വദേശികളായ ബാബു, താഷ്ക്കന്‍റ് എന്നിവർ പണിത കെട്ടിടങ്ങളാണിത്. പൊളിച്ചു നീക്കണമെന്ന് നോട്ടിസ് നൽകിയതിനു ശേഷവും ഇവിടെ നിർമാണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നു.
ഒരിടത്ത് കട തുടങ്ങുകയും ചെയ്‌തു. ഇതേ തുടർന്നാണ് ശാന്തൻപാറ പഞ്ചായത്ത് സെക്രട്ടറി റവന്യൂ, ഭൂ സംരക്ഷണ സേന, പൊലീസ് എന്നിവരുടെ സഹായത്തോടെ കെട്ടിടങ്ങൾ പൊളിക്കാനെത്തിയത്. ഉടമകൾ ഹൈക്കോതി ഉത്തരവ് കൈമാറിയതോടെ സംഘം മടങ്ങി. അതേസമയം നിർമാണം തുടരാൻ പാടില്ലെന്ന് കാണിച്ച് പഞ്ചായത്ത് നൽകിയ നോട്ടിസിന് കോടതി സ്റ്റേ അനുവദിച്ചിട്ടില്ല.
ഇത് മറികടന്ന് പണികൾ നടത്തുന്നത് തടയാൻ ശാന്തൻപാറ പൊലീസിനും കത്ത് നല്‍കിയിട്ടുണ്ട്. പൂപ്പാറ ടൗണിൽ മാത്രം പന്നിയാർ പുഴ കൈയേറി നിർമാണം നടത്തിയ പത്തിലധികം പേർക്ക് പഞ്ചായത്ത് നോട്ടിസ് നൽകിയിട്ടുണ്ട്. കാലാവധി അവസാനിക്കുന്ന മുറക്ക് ഇവയും പൊളിച്ചു നീക്കും.