ഇടുക്കി: നീരൊഴുക്ക് വര്‍ധിപ്പിക്കുന്നതിനായി ഇടുക്കി കല്ലാര്‍ ഡാമില്‍ നിന്ന് ചെളിയും മണലും നീക്കം ചെയ്തത് തിരിച്ചടിയായെന്ന് ആക്ഷേപം. നീക്കം ചെയ്ത മണ്ണ് നിക്ഷേപിച്ചത് ഷട്ടറുകള്‍ക്ക് മുന്നിലായിരുന്നു. ഇതാണ് പിന്നീട് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നതെന്നാണ് ആരോപണം. ഡാമില്‍ നിന്ന് നീക്കം ചെയ്ത മണ്ണില്‍ കാട് വളര്‍ന്ന് ഷട്ടര്‍ തുറക്കാന്‍ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ മാസമാണ് ഡാമിലെ ചെളിയും മണ്ണും നീക്കം ചെയ്‌തത്. നിലവില്‍ മണ്ണും ചെളിയും കൂടി ഷട്ടറിനോട് ചേര്‍ന്ന് ഉറച്ച് അതിലാണ് കാട് പിടിച്ചത്. ഷട്ടര്‍ ഉയര്‍ത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് മാത്രമല്ല ഇത് വെള്ളം പുറത്തേക്ക് ഒഴുകി പോകുന്നതിന് തടസം സൃഷ്‌ടിക്കുമെന്നും നാട്ടുകാർ പറയുന്നു.
2018ലെ പ്രളയത്തിന് ശേഷം വലിയ കല്ലുകളും ചെളിയും ഡാമില്‍ വന്ന് നിറഞ്ഞിരുന്നു. ഇതോടെ ഡാമിന്‍റെ സംഭരണ ശേഷി കുറയുകയും ഏതാനും മണിക്കൂറുകള്‍ തുടര്‍ച്ചയായി മഴ പെയ്താല്‍ ഡാം നിറയുന്ന സാഹചര്യവും ഉണ്ടായി. കല്ലാര്‍ മുതല്‍ തൂക്കുപാലം വരെ പുഴയോട് ചേര്‍ന്നുള്ള കടകളിലും വീടുകളിലും വെള്ളം കയറുന്നത് പതിവായതോടെയാണ് മണ്ണ് നീക്കം ചെയ്യാന്‍ കെഎസ്ഇബി പദ്ധതി ഒരുക്കിയത്.
ഷട്ടറിനോട് ചേര്‍ന്ന് നിക്ഷേപിച്ച മണ്ണ് പിന്നീട് ഷട്ടറുകള്‍ ഉയര്‍ത്തുമ്പോള്‍ പുറത്തേയ്ക്ക് ഒഴുകുമെന്നായിരുന്നു ഡാം സേഫ്റ്റി അധികൃതരുടെ വിശദീകരണം. നിലവിലെ സാഹചര്യത്തില്‍ ഡാം തുറക്കുമ്പോള്‍ ഷട്ടറുകള്‍ക്ക് ബലക്ഷയം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നതാണ് ആശങ്ക. എന്നാല്‍ മണ്ണ് നീക്കിയത് അശാസ്‌ത്രീയ രീതിയിലായിരുന്നെന്നാണ് നാട്ടുകാരുടെ പരാതി.