ഇടുക്കി: ശിലായുഗം മുതൽ കുടിയേറ്റം വരെ അതിജീവനത്തിന്‍റെ ചരിത്രം നിറഞ്ഞ് നില്‍ക്കുന്ന മണ്ണാണ് ഇടുക്കി. ശിലായുഗ കാലഘട്ടത്തിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി അടയാളങ്ങളും അവശേഷിപ്പുകളാലും സമ്പന്നമാണ് ഇടുക്കിയുടെ മലനിരകൾ. മുനിയറകളും നന്നങ്ങാടികളുമെല്ലാം ഓരോ കാലഘട്ടത്തിലെ മനുഷ്യ ജീവിതങ്ങളുടെ കഥ പറയുന്ന ചരിത്ര ശേഷിപ്പുകളാണ്.
ഇടുക്കിയുടെ മല മുകളുകളില്‍ ഇന്നും ചരിത്ര ഗവേഷകര്‍ കണ്ടെത്താത്ത നിരവധി അവശേഷിപ്പുകൾ ഉണ്ട്. അതിലൊന്നാണ് ശാന്തമ്പാറ പഞ്ചായത്തിലെ മൂലത്തറയിലെ ഉരല്‍പ്പാറ. വന്യത നിറഞ്ഞു നിൽക്കുന്ന മലമുകളിലെ പാറയിൽ കാണുന്ന ഉരലും ഇതിനു സമീപത്തെ അടയാളപ്പെടുത്തലുകളും കൗതുക കാഴ്‌ചകളായി നിലനിൽക്കുകയാണ്. ഉരൽ ആര് നിർമിച്ചെന്നോ, ഇതിന്‍റെ ചരിത്രമോ, അടയാളപ്പെടുത്തലുകളുടെ അർഥമോ ഒന്നും പ്രദേശവാസികൾക്കും നിശ്‌ചയമില്ല.
സമീപത്തായി കൂറ്റന്‍ കല്ലുപാളികള്‍ കുത്തി നിര്‍ത്തിയിരിക്കുന്നതും കാണുവാൻ സാധിക്കും. ഇത് ചരിത്ര കാലഘട്ടത്തിലെ വീരന്മാരെ അടക്കം ചെയ്‌തതിന്‍റെ അടയാളമായിട്ടാണ് കരുതപ്പെടുന്നത്. ചരിത്ര പ്രാധാന്യമുള്ള ഈ അവശേഷിപ്പുകൾ സ്ഥലം ഉടമയായ ബിജുമോൻ സംരക്ഷിച്ചു വരികയാണ്.
ശങ്ക് മുദ്രയുള്ള കല്ലുകളും ഈ മേഖലയിൽ കാണുവാൻ സാധിക്കും. തിരുവിതാംകൂര്‍ രാജഭരണ കാലത്ത് ലഭിച്ച പട്ടയങ്ങളാണ് മേഖലയിലുള്ളത്. അതുകൊണ്ട് തന്നെ അന്ന് പതിച്ച് നല്‍കിയ സ്ഥലത്തിന്‍റെ അതിര്‍ത്തി വേര്‍തിരിച്ച കല്ലുകളാണിതെന്ന് കരുതപ്പെടുന്നു.