ഇടുക്കി: കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ബൈസൺവാലി സ്വദേശിനിയുമായി സമ്പർക്കത്തില്‍ ഏർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തില്‍ ആരോഗ്യവകുപ്പ്. മാർച്ച് 18ന് ഇവർ അടിമാലിയില്‍ എത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അടിമാലി മേഖലയിലും ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതയിലാണ്. ബൈസണ്‍വാലി സ്വദേശിനി മാര്‍ച്ച് 18ന് അടിമാലി എഇഒ ഓഫീസില്‍ എത്തിയിരുന്നതായാണ് ആരോഗ്യ വിഭാഗം നല്‍കുന്ന സൂചന. ഇതിന് ശേഷം ടൗണിലെ രണ്ട് വ്യാപാര സ്ഥാപനത്തിലും സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് ഓഫീസിലും പോയിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങള്‍ കഴുകി അണുവിമുക്തമാക്കി.
കൊവിഡ് സ്ഥിരീകരിച്ച സ്ത്രീയുമായി അടിമാലി മേഖലയില്‍ മാത്രം 13 പേര്‍ നേരിട്ടുള്ള സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്. ഇവരുള്‍പ്പെടെ 120 ഓളം ആളുകള്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തിലുണ്ടെന്ന് ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ.ബി ദിനേശന്‍ പറഞ്ഞു.
അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന വിവിധ ഏകാധ്യാപക സ്‌കൂളുകളിലെ ഏഴ് അധ്യാപകരും എഇഒ ഓഫീസുമായി ബന്ധപ്പെട്ടൊരാളും വ്യാപാര സ്ഥാപനങ്ങളിലെ അഞ്ച് ജീവനക്കാരുമാണ് നേരിട്ടുള്ള സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ ഒരു കുടുംബത്തെ മച്ചിപ്ലാവില്‍ സജ്ജീകരിച്ചിട്ടുള്ള ഐസൊലേഷന്‍ വാര്‍ഡില്‍ താമസിപ്പിച്ചാണ് നിരീക്ഷണം നടത്തുന്നത്. ഇവരില്‍ നിന്നും സ്രവം ശേഖരിച്ച് പരിശോധനക്കയച്ചതായും ആരോഗ്യവിഭാഗം വ്യക്തമാക്കി. അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ മറ്റാരെങ്കിലും കൊവിഡ് സ്ഥിരീകരിച്ച സ്ത്രീയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടോയെന്ന കാര്യം സംബന്ധിച്ച് ആരോഗ്യ വകുപ്പ് പരിശോധിച്ചു വരികയാണ്.