ഇടുക്കി: ലോക്ക് ഡൗണ്‍കാലം തീര്‍ത്ത ദുരിതത്തിന് പിന്നാലെ കാട്ടാനശല്യം മൂന്നാര്‍ ടൗണിലെ വ്യാപാരികള്‍ക്ക് തിരിച്ചടിയാകുന്നു. സമ്പൂർണ ലോക്ക് ഡൗണ്‍ ദിവസമായ ഞായറാഴ്ച രാത്രിയില്‍ ടൗണിലിറങ്ങിയ കാട്ടാനകള്‍ വ്യാപാകനാശമാണ് വിതച്ചത്. അഞ്ച് കടകളാണ് രണ്ട് കാട്ടാനകള്‍ ചേര്‍ന്ന് തകര്‍ത്തത്. വ്യാപാരസ്ഥാപനങ്ങളില്‍ ഉണ്ടായിരുന്ന പഴങ്ങള്‍ കാട്ടുകൊമ്പന്‍മാര്‍ കാലിയാക്കി. മൂന്നാര്‍ മാര്‍ക്കറ്റിലെ രാജേന്ദ്രന്‍, ദുരൈ രാജ്, കാളിദാസ്, ബിലാല്‍ ആമിന, ആഞ്ചല എന്നിവരുടെ കടകളാണ് തകര്‍ത്തത്.
മണിക്കൂറോളമാണ് കാട്ടനകള്‍ ടൗണിൽ ചിലവഴിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ച് ആനകളെ തുരത്താന്‍ ശ്രമിച്ചു. ആളുകള്‍ കൂട്ടമായെത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തതോടെ രാത്രി പത്തരയോടെ കാട്ടാനകള്‍ പിൻവാങ്ങി. കഴിഞ്ഞ ആഴ്ച്ചയിലും കാട്ടാനകള്‍ മൂന്നാര്‍ ടൗണിലെത്തി കടകള്‍ തകർത്തിരുന്നു. കാട്ടാനശല്യം ഒഴിവാക്കാന്‍ വനംവകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്ന് മൂന്നാര്‍ ഡിവൈഎസ്‌പി എം രമേശ് കുമാര്‍ പറഞ്ഞു.