ഇടുക്കി: അതിര്‍ത്തിയിൽ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്. തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തിയിലെ കാട്ടുവഴികളിലൂടെ കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഡ്രോണ്‍ നിരീക്ഷണം. തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണമേറി വരുന്ന സാഹചര്യത്തിലാണ് പഴുതടച്ച പൊലീസ് ജാഗ്രത.
കുരങ്ങണി വനമേഖലയടക്കമുള്ള കാട്ടുവഴികളിലൂടെ ആളുകള്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് നടന്നു വരുന്നതായി സൂചനകള്‍ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം. അത്തരം നടപടിയെ പൂര്‍ണമായി നിയന്ത്രിക്കാനാണ് മൂന്നാര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം അതിര്‍ത്തി മേഖലകളില്‍ പരിശോധന ശക്തമാക്കിയിട്ടുള്ളത്.
പഴത്തോട്ടം,കോവിലൂര്‍,വട്ടവട,ടോപ്പ് സ്റ്റേഷന്‍ തുടങ്ങിയ ഇടങ്ങളിലൂടെല്ലാം ആളുകള്‍ കാല്‍നടയായി കേരളാ തമിഴ്‌നാട് അതിര്‍ത്തി കടക്കാൻ സാധ്യത കൂടുതലാണ്. അതിര്‍ത്തിമേഖലകളിലെ ജാഗ്രതക്കായി പൊലീസ് മറ്റ് വകുപ്പുകളുടെ സഹായം തേടുന്നതിനൊപ്പം രാത്രികാല പട്രോളിംഗ് ശക്തമാക്കുമെന്ന് മൂന്നാര്‍ ഡിവൈഎസ്‌പി പറഞ്ഞു. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്നും കാട്ടുവഴിയിലൂടെ മൂന്നാറിലെത്തിയ നാല് പേരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതിര്‍ത്തി മേഖലയായ തേനിയിലടക്കം കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ നിയമവിരുദ്ധമായി കാട്ടുവഴികളിലൂടെ ഒരാളെ പോലും അതിര്‍ത്തികടക്കാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് പൊലീസ്.
അതേസമയം മൂന്നാര്‍ ഗുണ്ടള എസ്‌റ്റേറ്റില്‍ നിയമവിരുദ്ധമായി ക്ഷേത്രത്തില്‍ പൂജ നടത്തിയ സംഭവത്തില്‍ ക്ഷേത്ര പൂജാരിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്നാര്‍ ഡിവൈഎസ്‌പിക്കൊപ്പം ദേവികുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ അനൂപ് ജോസ്,സബ് ഇന്‍സ്‌പെക്‌ടര്‍ റോയി എസ് എന്നിവരുടെ നേതൃത്വത്തിലാണ് കര്‍ശന നിരീക്ഷണം നടന്നു വരുന്നത്.