ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ച് സിപിഐ ജില്ലാ നേതൃത്വം. കസ്റ്റഡി മരണത്തില്‍ പൊലീസ് മേധവിയുടെ പങ്ക് ഗൗരവമായി കാണണമെന്നും എസ്പിയെ മാറ്റി നിര്‍ത്തി തുടര്‍ അന്വേഷണം നടത്തണമെന്നും സിപിഐ ആവശ്യപ്പെട്ടു.
'ഹരിത ചിട്ടി' തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി രാജ് കുമാറിന്റെ കസ്റ്റഡി മരണം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് സിപിഐയുടെ വിമര്‍ശനം. എസ് പി യുടെ അറിവില്ലാതെ ക്രൂരമായ മർദ്ദന മുറകൾ ഉണ്ടാവില്ലെന്നും, കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ പറഞ്ഞു. രാജ്‌കുമാറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കുള്ളിൽ തന്നെ പുതിയ വിവാദങ്ങൾക്കാണ് സി പി ഐ ജില്ലാ നേതൃത്വം തിരികൊളിത്തിയത്.