ഇടുക്കി : ഇടുക്കി ജില്ലയില്‍ ലാന്‍ഡ് അസൈന്‍മെന്‍റ് (എല്‍എ) കമ്മിറ്റികള്‍ പുനസംഘടിപ്പിയ്ക്കാന്‍ നടപടിയില്ലെന്ന് വ്യാപക പരാതി. ഇത് മൂലം അപേക്ഷകര്‍ക്ക് ഭൂമിയുടെ കൈവശാവകാശ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കുന്നില്ല. ജില്ലയിലെ ലൈഫ് ഭവന പദ്ധതിയെ ഇത് ബാധിക്കുന്നുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ആറ് മാസങ്ങള്‍ക്കുള്ളില്‍ ലാന്‍ഡ് അസൈന്‍മെന്‍റ് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കേണ്ടതാണ്. എന്നാല്‍ ഉടുമ്പന്‍ചോല, പീരുമേട്, ഇടുക്കി താലൂക്കുകളില്‍ കമ്മിറ്റികള്‍ പുനസംഘടിപ്പിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.
കമ്മിറ്റികള്‍ ചേരാത്തതിനാല്‍ ലൈഫ് ഭവന പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്നവര്‍ക്ക് കൃത്യ സമയത്ത് ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കുന്നില്ല. കാഞ്ചിയാര്‍, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളിലെ പത്ത് ചെയിന്‍, മൂന്ന് ചെയിന്‍ മേഖലകളിലെ അപേക്ഷകരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
അപേക്ഷകരില്‍ പലര്‍ക്കും ഇതുവരേയും പട്ടയം ലഭ്യമായിട്ടില്ല. കൈവശാവകാശ രേഖയും ലഭ്യമായില്ലെങ്കില്‍ ലൈഫ് ഭവന പദ്ധതിയിലൂടെ വീടെന്ന സ്വപ്‌നവും ഇല്ലാതാകും. എല്‍എ കമ്മിറ്റികള്‍ ചേരണമെന്ന് വിവിധ പഞ്ചായത്ത് ഭരണ സമിതികള്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ കമ്മിറ്റികള്‍ ചേരാന്‍ വൈകുന്നതോടെ പട്ടയ നടപടികളും അനന്തമായി നീളുന്ന സാഹചര്യമാണ് നിലവിലുള്ളത്.