ഇടുക്കി: തൊഴിലാളി ക്ഷാമത്താൽ ഏലം വിളവെടുപ്പ് വൈകിയത് കാരണം ഏലം കഷി വ്യാപാകമായി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഹൈറേഞ്ചിലെ ഏലം കര്‍ഷകര്‍ക്കുണ്ടായത്. യഥാസമയം വിളവെടുപ്പ് നടത്താത്തതിനാല്‍ ക്വിന്‍റൽ കണക്കിന് ഏലക്കായയാണ് കര്‍ഷകര്‍ക്ക് നഷ്ടമായത്. തമിഴ്‌നാട്ടില്‍ നിന്നും തൊഴിലാളികള്‍ ഇടുക്കിയിലെ തോട്ടം മേഖലയിലേയ്ക്ക് എത്താത്തതിനാല്‍ ഏലം പരിപാലനം പൂര്‍ണമായി നിലച്ച അവസ്ഥയിലാണ്.
ഇത് ഏറ്റവും അധികം ബാധിച്ചത് വിളവെടുപ്പിനെയാണ്. തൊഴിലാളി ക്ഷാമത്തില്‍ യഥാസമയം വിളവെടുപ്പ് നടത്താന്‍ കഴിയാത്തതിനാല്‍ ക്വിന്‍റൽ കണക്കിന് ഏലക്കായാണ് നഷ്ടപ്പെട്ടത്. പഴുത്ത കായ്‌കള്‍ കൊഴിഞ്ഞ് വീണതും ചെറു ജീവികളുടെ ആക്രമണവുമാണ് പ്രതിസന്ധിക്ക് കാരണം. മുമ്പുണ്ടായിരുന്നതിനെക്കാള്‍ ഇരട്ടി കൂലി നല്‍കിയാണ് ഇത്തവണ തൊഴിലാളികളെ എത്തിച്ചത്. വിള നഷ്ടമുണ്ടായതിനൊപ്പം വേണ്ട രീതിയില്‍ പരിപാലനം നടത്താത്തതിനാല്‍ തട്ടമറിച്ചില്‍, അഴുകല്‍ തുടങ്ങിയ രോഗങ്ങളും ഏലത്തിന് ബാധിച്ചിട്ടുണ്ട്. ഈ സ്ഥിതി തുടര്‍ന്ന് പോയാല്‍ ഏലത്തിന്‍റെ പരിപാലനം നിലച്ച് കൃഷി പൂര്‍ണമായും നിലയ്ക്കുന്ന അവസ്ഥയാണെന്ന് കർഷകർ പറയുന്നു.