ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലം മാറ്റം റദ്ദാക്കിയിട്ടില്ലെന്ന് ജലന്ധര്‍ രൂപത പിആര്‍ഒ പീറ്റര്‍ കാവുംപുറം. ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് മദര്‍ ജനറാള്‍ ആണെന്ന് പീറ്റര്‍ കാവുംപുറം. സ്ഥലം മാറ്റം മരവിപ്പിച്ചുകൊണ്ട് ജലന്ധര്‍ രൂപത അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആഗ്നലോ ഗ്രേഷ്യസ് പുറത്തിറക്കിയ ഉത്തരവ് കന്യാസ്ത്രീകള്‍ക്ക് ലഭിച്ചതിന് പിന്നാലെയാണ് സ്ഥലം മാറ്റം റദ്ദാക്കിയിട്ടില്ലെന്ന് പിആര്‍ഒ വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. ബിഷപ്പിനെതിരായ കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും വരെ കുറവിലങ്ങാട് മഠത്തില്‍തന്നെ കന്യാസ്ത്രീകള്‍ക്ക് തുടരാമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കിയില്ലെന്നും ഇത്തരം വിഷയങ്ങളിൽ രൂപതാ അധ്യക്ഷൻ ഇടപെടാറില്ലെന്നുമാണ് പി.ആർ.ഒ അറിയിച്ചത്. കന്യാസ്ത്രീകളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക മദർ ജനറാലാണ്. കന്യാസ്ത്രീകൾക്ക് സ്ഥാലം മാറ്റമല്ല നൽകിയതെന്നും മഠങ്ങളിലേക്ക് തിരികെ പോകാനാണ് പറഞ്ഞതെന്നും പിആർഒ വ്യക്തമാക്കുന്നു. പീഡനക്കേസില്‍ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ഒപ്പമാണ് പീറ്റര്‍ കാവുംപുറമെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്.