എറണാകുളം: ജോലിയില്ലാത്തതില്‍ മനംനൊന്ത് ആത്മഹത്യ ഭീഷണി മുഴക്കി ആദിവാസി യുവാവ്. ഇടുക്കി ഇളമ്പ്രാങ്കുടി സ്വദേശിയായ അരുണ്‍ പ്രകാശാണ് ഇന്നലെ വൈകിട്ട് ആലുവയിലെ മാർത്താണ്ഡവർമ പാലത്തിൻ്റെ കമാനത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഒരു മണിക്കൂറോളമാണ് അരുണ്‍ കമാനത്തില്‍ കയറിയിരുന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. തുടര്‍ന്ന് സംഘം ബലം പ്രയോഗിച്ച് താഴെ ഇറക്കുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്‌ചയായി അരുണിന് ജോലികളൊന്നും ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇടുക്കിയില്‍ നിന്ന് ജോലി അന്വേഷിച്ച് യുവാവ് ആലുവയിലെത്തിയത്.
ഇതര സംസ്ഥാനക്കാര്‍ ജോലി തേടിയെത്തുന്ന സ്ഥലമായത് കൊണ്ടാണ് അരുണും ആലുവയില്‍ ജോലി തേടിയെത്തിയത്. എന്നാല്‍ ആലുവയിലെത്തിയിട്ടും തനിക്ക് ജോലി ലഭിച്ചില്ലെന്നും തന്നെ ആരും ജോലിക്ക് വിളിച്ചില്ലെന്നും അരുണ്‍ പറഞ്ഞു. യുവാവായ തനിക്ക് മറ്റുള്ളവർക്ക് മുമ്പിൽ കൈ നീട്ടി യാചിക്കാനോ, മോഷ്‌ടിക്കാനോ പിടിച്ച് പറിക്കാനോ കഴിയില്ലല്ലോ അതുകൊണ്ടാണ് കമാനത്തില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അരുണ്‍ പറഞ്ഞു.
ജോലി ലഭിക്കുന്നതിനായി ട്രൈബല്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നെങ്കലും എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള തനിക്ക് ജോലി നൽകാനാവില്ലെന്നായിരുന്നു അവരുടെ മറുപടിയെന്നും അരുണ്‍ പറഞ്ഞു. താഴെ ഇറക്കിയതിന് ശേഷം പൊലീസ് യുവാവിനെ ആലുവ സർക്കാർ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയും തുടര്‍ന്ന് ഇടുക്കിയിലേക്ക് തിരിച്ചയക്കുകയും ചെയ്‌തു.