എറണാകുളം: വെണ്ണലയിൽ മത വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി.സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളി. വിശദമായി വാദം കേട്ട ശേഷമാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി നിരസിച്ചത്. പി.സി ജോർജിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് സർക്കാർ ശക്തമായി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. എന്തെങ്കിലും സംഭവിച്ച ശേഷം നടപടി എടുക്കാമെന്ന് കരുതാനാവില്ലെന്നായിരുന്നു സർക്കാർ നിലപാട് എടുത്തത്. സാമൂഹിക സാഹചര്യത്തെക്കുറിച്ച് പതിവ് ശൈലിയിൽ പറയുകയാണ് ചെയ്‌തതെന്നായിരുന്നു പി.സി ജോർജിന്‍റെ അഭിഭാഷകൻ വാദിച്ചത്.
എന്നാൽ സമാനമായ കുറ്റം ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കേസിലെ ജാമ്യ വ്യവസ്ഥയില്ലേ എന്ന് കോടതി സംശയമുന്നയിച്ചിരുന്നു. മേയ് എട്ടിന് വെണ്ണലയിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലെ വിദ്വേഷകരമായ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് പി.സി ജോർജിനെതിരായ രണ്ടാമത്തെ വിദ്വേഷ പ്രസംഗ കേസ് രജിസ്റ്റർ ചെയ്‌തത്. പാലാരിവട്ടം പൊലീസാണ് വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
ALSO READ: പി.സി ജോർജിന്‍റെ പ്രസംഗ ദൃശ്യം തുറന്ന കോടതിയിൽ പ്രദർശിപ്പിക്കും