കൊച്ചി : നോണ്‍ ഹലാൽ ബോർഡ് വച്ചതിന് ആക്രമിച്ചെന്ന വ്യാജ പ്രചരണം നടത്തി മതസ്പർധയുണ്ടാക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പാലാരിവട്ടം കോച്ചപ്പിള്ളി റോഡ് അക്ഷയയിൽ തുഷാര(40), ഭർത്താവ് അജിത്(39), ഉദയംപേരൂർ കണ്ണേമ്പിള്ളി വിനൂപ് (അപ്പു31), തെക്കേ വാഴക്കുളം മേലേത്ത് പറമ്പിൽ സുനിൽ(39) എന്നിവരെ ഇൻഫോപാർക്ക് പൊലീസ് പിടികൂടിയിരുന്നു.
കോട്ടയം പൂവരണിയിൽ ഒളിവിൽ കഴിയുന്നതിനിടെ ചൊവ്വാഴ്‌ചയാണ് ഇവർ പിടിയിലായത്. കാക്കനാട് പാനി പൂരി സ്‌റ്റാൾ പൊളിച്ചത് തടഞ്ഞ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലും ഇവർ പ്രതികളാണ്. കഴിഞ്ഞ മാസം 24ന്, കാക്കനാട് നിലംപതിഞ്ഞിമുകളിലെ ചിൽസേ ഫുഡ് സ്പോട്ട് എന്ന ഫുഡ് കോർട്ടിനുമുന്നിലെ പാനിപൂരി സ്‌റ്റാൾ തുഷാരയുടെയും സംഘത്തിന്റെയും നേതൃത്വത്തിൽ പൊളിച്ച് നീക്കിയിരുന്നു.
Also Read: ജലനിരപ്പ് ഉയര്‍ന്നു ; മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു
ഇത് തടഞ്ഞ നകുൽ, സുഹൃത്ത് ബിനോയ് ജോർജ് എന്നിവരെ തുഷാരയും അജിത്തും ചേർന്ന് ആക്രമിച്ചു. വെട്ടേറ്റ ബിനോയ് ശസ്ത്രക്രിയക്കുശേഷം ചികിത്സയിലാണ്. ഫുഡ് കോർട്ടിലെ കടയിൽ തനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞായിരുന്നു തുഷാര ആക്രമിച്ചത്. എന്നാൽ ഫുഡ് കോർട്ടിന്റെ ഉടമസ്ഥതയും നടത്തിപ്പും സംബന്ധിച്ച് കേസുണ്ടെന്ന് പൊലീസ് കണ്ടെത്തി.
ഇതിനിടെയാണ് തന്റെ കടയ്‌ക്കുമുന്നിൽ നോൺ ഹലാൽ ബോർഡ് വച്ചതിന് തനിക്കെതിരെ ആക്രമണം നടന്നുവെന്ന് തുഷാര സമൂഹമാധ്യമങ്ങളിലൂടെ ബോധപൂർവം വ്യാജ പ്രചരണം നടത്തിയത്. അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചത് മറച്ചുവച്ചായിരുന്നു തുഷാരയുടെ പ്രചാരണം.
ഇൻഫോപാർക്ക് പൊലീസിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ് മതസ്പർധയുണ്ടാക്കാനുള്ള തുഷാരയുടെയും സംഘത്തിന്റെയും ശ്രമം തടഞ്ഞത്. നിലംപതിഞ്ഞിമുകളിലെ കടകളിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ചതിന് തുഷാരയ്‌ക്കും സംഘത്തിനുമെതിരെ മറ്റൊരു കേസും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഇതേ കേസിൽ നേരത്തെ എബിൻ ബെൻസ് ആന്റണി, വിഷ്‌ണു ശിവദാസ് എന്നിവരെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവർ റിമാൻഡിലാണ്.