എറണാകുളം: തങ്കളം കരിച്ചിറകടവ് കുടിവെള്ള പദ്ധതി ആന്‍റണി ജോൺ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കോതമംഗലം നഗരസഭയിലെ ഒന്നാം വാർഡിലുള്ള തങ്കളത്താണ് കരിച്ചിറകടവ് കുടിവെള്ള പദ്ധതി ആരംഭിച്ചത്. കോതമംഗലം നഗരസഭയും നെല്ലിക്കുഴി പഞ്ചായത്തും അതിർത്തി പങ്കിടുന്ന മേഖലയിൽ ജലഅതോറിറ്റിയെയായിരുന്നു ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്. എന്നാൽ, വേനൽക്കാലത്ത് കുടിവെള്ളം പലപ്പോഴും കിട്ടാക്കനിയായിരുന്നു. കടുത്ത വേനൽകാലത്ത് ടാങ്കറുകളിൽ വെള്ളമെത്തിച്ചായിരുന്നു പ്രദേശത്തെ കുടിനീർക്ഷാമം പരിഹരിച്ചിരുന്നത്. ജനങ്ങളുടെ ദുരിതം മനസിലാക്കി വാർഡ് കൗൺസിലർ കെ.എ നൗഷാദ് നടത്തിയ ഇടപെടലാണ് പ്രദേശത്ത് കുടിവെള്ള പദ്ധതി നടപ്പാക്കുവാൻ കാരണമായത്. ലോക ബാങ്കിന്‍റെ സഹായത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്.
65 ലക്ഷം രൂപ മുടക്കി നിർമിച്ചിട്ടുള്ള തങ്കളം കരിച്ചിറക്കടവ് കുടിവെള്ള പദ്ധതിയിലൂടെ മുന്നൂറിൽപരം വീട്ടുകാർക്ക് കുടിവെള്ളം ലഭ്യമാകും. കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം ആന്‍റണി ജോൺ എംഎൽഎ നിർവഹിച്ചു. കരിംചിറക്കടവ് തോടിനോട് ചേർന്ന് കുടിവെള്ള പദ്ധതിക്കായി നിർമിച്ചിരിക്കുന്ന വലിയ കുളത്തിൽ നിന്ന് മോട്ടോർ മുഖേന വെള്ളം പമ്പ് ചെയ്‌ത് ടാങ്കിൽ എത്തിച്ച് ഫിൽട്ടർ ചെയ്താണ് കുടിവെള്ളം ജനങ്ങൾക്ക് നൽകുന്നത്. നാൽപതിനായിരം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽ ദിവസം മൂന്ന് തവണ വെള്ളം പമ്പ് ചെയ്‌ത് ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം ലിറ്റർ വെള്ളം ജനങ്ങൾക്ക് ദിവസേന നൽകുന്നുണ്ട്.