കൊച്ചി: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഇനി വിസ്‌കുകളിൽ ഭദ്രം. കൊവിഡ് രോഗനിർണയത്തിന് വേണ്ട സാമ്പിളുകൾ ശേഖരിക്കുന്നതിന് വിസ്‌ക് (വാക്ക് ഇന്‍ സാമ്പിൾ കിയോസ്ക്) കൗണ്ടർ ആരംഭിച്ചിരിക്കുകയാണ് എറണാകുളം ജില്ലാ ഭരണകൂടം. ഇന്ത്യയിലാദ്യമായാണ് പരിശോധനക്കായുള്ള സാമ്പിൾ ശേഖരണത്തിന് ഇത്തരമൊരു സംവിധാനം ഒരുക്കിയത്. ഇതിലൂടെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്താനും രണ്ട് മിനിറ്റിനുള്ളിൽ സാമ്പിൾ ശേഖരിക്കാനും കഴിയുമെന്നതാണ് പ്രധാന സവിശേഷത. പേഴ്സണല്‍ പ്രോട്ടക്ഷൻ കിറ്റിന്‍റെ ലഭ്യത കുറവ് ഒരു പരിധിവരെ നേരിടാനും വിസ്‌കിലൂടെ സാധിക്കുന്നു. ദക്ഷിണ കൊറിയയിൽ സാമ്പിൾ ശേഖരണത്തിന് സ്വീകരിച്ച മാതൃകയാണിത്. നാല്‍പതിനായിരം രൂപയാണ് ഒരു കിയോസ്കിന്‍റെ നിര്‍മാണ ചിലവ്.
അണുവിമുക്തമായി തയ്യാറാക്കിയ കിയോസ്കുകളില്‍ മാഗ്‌നറ്റിക്ക് വാതിൽ, എക്‌സോസ്റ്റ് ഫാൻ, അൾട്രാ വയലറ്റ് ലൈറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സാമ്പിള്‍ ശേഖരിക്കുന്നവരുടെയും നല്‍കുന്നവരുടെയും സുരക്ഷക്കായാണിത്. ഓരോ തവണ സാമ്പിള്‍ ശേഖരിച്ച ശേഷവും കിയോസ്കില്‍ ക്രമീകരിച്ചിട്ടുള്ള കയ്യുറയും സമീപമുള്ള കസേരയും അണുവിമുക്തമാക്കും.
ജില്ലാ ഭരണകൂടത്തിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നിർദേശ പ്രകാരം മെഡിക്കൽ കോളജ് ആർഎംഒ ഡോ. ഗണേഷ് മോഹൻ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫിസറും കൺട്രോൾ റൂം നോഡൽ ഓഫീസറുമായ ഡോ. വിവേക് കുമാർ, ആർദ്രം ജില്ലാ അസിസ്റ്റന്‍റ് നോഡൽ ഓഫീസർ ഡോ. നിഖിലേഷ് മേനോൻ, മെഡിക്കൽ കോളജ് എആർഎംഒ ഡോ. മനോജ് എന്നിവരാണ് വിസ്കിന്‍റെ രൂപകൽപനക്ക് പിന്നിൽ പ്രവർത്തിച്ചത്. ആശയത്തെക്കുറിച്ച് അറിഞ്ഞ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗമായ ടി.കെ ഷാജഹാൻ ആശയം പ്രാവർത്തികമാക്കാൻ മുന്നോട്ട് വരികയായിരുന്നു. തുടർന്ന് രണ്ട് യൂണിറ്റുകൾ സൗജന്യമായി നിർമിച്ചു കൈമാറുകയും ചെയ്തു. ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ വിസ്ക് സ്ഥാപിക്കാൻ സന്നദ്ധ സംഘടനകളും വ്യക്തികളും മുന്നോട്ട് വന്നിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.