എറണാകുളം : ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഫയർഫോഴ്‌സ് ഉൾപ്പടെയുള്ള എല്ലാ സേനകളെയും സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ എൻ.ഡി.ആർ.എഫ് സംഘവും കേരളത്തിലെത്തുമെന്ന് മന്ത്രി അറിയിച്ചു.
ശക്തമായ മഴയെ തുടർന്നാണ് പ്രശ്നങ്ങൾ ഉള്ളത്. മലപ്പുറത്ത് മൂന്ന് പേരെ കാണാനില്ലെന്നതാണ് ആളപായവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ ആറംഗ സംഘമാണുള്ളത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും കെ.രാജൻ പറഞ്ഞു.
Also Read: കേരളത്തില്‍ പ്രളയമഴ പെയ്‌തിറങ്ങുന്നു, ജാഗ്രത വേണമെന്ന് നിർദ്ദേശം
ഡാമുകള്‍ സംബന്ധിച്ച് വലിയ ആശങ്ക നിലവിലില്ലെന്നും ഗുരുതര സാഹചര്യം എവിടെയുമില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു. കക്കി ഡാമിലും റൂൾ കർവ് പിന്നിടാൻ നാല് മീറ്റർ ബാക്കിയുണ്ട്. ഡാം രാത്രിയിൽ തുറക്കില്ല. ബന്ധപ്പെട്ട വകുപ്പുകളുമായി ബന്ധപ്പെട്ട് ആശയ വിനിമയം നടത്തുന്നുണ്ട്. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
കൊവിഡ് സാഹചര്യം പരിഗണിച്ച് മൂന്ന് വിഭാഗങ്ങളായാണ് ക്യാമ്പുകൾ പ്രവർത്തിക്കുക. കൊവിഡ് രോഗികൾക്കും, ക്വാറന്‍റൈനിലുള്ളവർക്കും പ്രത്യേകം ക്യാമ്പുകൾ സജ്ജമാക്കും. ഇത്തരം ക്യാമ്പുകളിലാവശ്യമായ പി പി ഇ കിറ്റുകൾ തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.