എറണാകുളം: ഏറെ വിവദങ്ങൾക്കൊടുവിൽ ആർസിഇപി കരാറിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറിയത് കോൺഗ്രസിന്‍റെ സമ്മർദം കൊണ്ടാണെന്ന് എഐസിസി വക്താവ് രാജീവ് ഗൗഡ. രാജ്യത്തിന്റെ ദേശീയ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതാണ് ആർസിഇപി കരാർ. എല്ലാ മേഖലകളിലും രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പാർലമെന്റിനകത്തും പുറത്തും പ്രക്ഷോഭം ശക്തമാക്കുമെന്നും രാജീവ് ഗൗഡ പറഞ്ഞു.
മോദിയുടെ ആറു വർഷത്തെ ഭരണത്തിൽ വികസനം പിന്നോട്ടു പോകുകയും സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം കൂപ്പുകുത്തുകയും ചെയ്തു. രാജ്യത്തെ കാർഷിക, സാമ്പത്തിക മേഖലകൾ അത്യാഹിത നിലയിലാണ്. ആറു വർഷത്തെ ഏറ്റവും താഴ്ന്ന ജിഡിപി നിരക്കാണ് ഇപ്പോഴുള്ളത്. നിക്ഷേപങ്ങൾ താഴ്ന്ന നിലയിലാണ്. വ്യവസായ വളർച്ച 1.1 ശതമാനമായി ചുരുങ്ങിയെന്നും നിർമാണ മേഖലയിൽ 1.2 ശതമാനം എന്ന നിലയിൽ നെഗറ്റീവ് വളർച്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യം ഇതുവരെ അനുഭവിക്കാത്ത പ്രതിസന്ധിയിലാണ് ഇപ്പോൾ കടന്നു പോകുന്നത്. ഇതിന്റെ പ്രതിഫലനമാണ് ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ കണ്ടെതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 1.74 ലക്ഷം കോടിയുടെ 25000 ബാങ്ക് തട്ടിപ്പ് കേസുകളാണ് ഉണ്ടായത്. കേന്ദ്ര സർക്കാർ കാർഷിക ഉപകരണങ്ങൾക്കും വളത്തിനും കീടനാശിനികൾക്കും നികുതി കൂട്ടിയിരിക്കുകയാണ്. ഇതുമൂലമുള്ള രൂക്ഷമായ വിലക്കയറ്റം കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും രാജ്യത്ത് സമീപകാലത്തെ ഏറ്റവും വലിയ തൊഴിലില്ലായ്യാണെന്നും രാജീവ് ഗൗഡ ആരോപിച്ചു.