കൊച്ചി: മരടിലെ ഫ്ലാറ്റുകളുടെ പൊളിക്കല്‍ നടപടി അന്തിമഘട്ടത്തില്‍. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മരടിൽ ചേര്‍ന്നു. പൊളിക്കൽ ചുമതലയുള്ള സബ് കലക്ടർ സ്നേഹിൽ കുമാർ സിംഗ്, സാങ്കേതിക സമിതി അംഗങ്ങൾ, അഗ്നിശമന ഉദ്യോഗസ്ഥർ, മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ, പൊളിക്കൽ ചുമതലയുള്ള കമ്പനികളുടെ പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ഉദ്യോഗസ്ഥർക്ക് വിശദീകരിക്കുന്നതിനാണ് യോഗം നടന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം സബ് കലക്ടറുടെ നേതൃത്വത്തിൽ മരട് നഗരസഭയിൽ സാങ്കേതിക സമിതിയുടെ യോഗവും ചേരും. നിയന്ത്രിത സ്ഫോടനം വഴി ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങളാകും പ്രധാനമായും ഈ യോഗത്തിൽ ചർച്ച ചെയ്യുക. എസ്.ബി. സർവാതെയും സാങ്കേതിക സമിതി യോഗത്തിൽ പങ്കെടുത്തേക്കും.
ശനിയാഴ്‌ച രാവിലെ 11 മണിക്കാണ് പൊളിക്കല്‍ നടപടികള്‍ ആരംഭിക്കുന്നത്. ആദ്യം സ്‌ഫോടനം നടത്തുന്നത് ഹോളി ഫെയ്‌ത്ത് ഫ്ലാറ്റിലാണ്. ഇവിടത്തെ പൊടിപടലങ്ങള്‍ നീങ്ങിയതിന് ശേഷമാകും ആല്‍ഫയില്‍ സ്‌ഫോടനം നടത്തുക. 11:05ന് ആൽഫ സെറീൻ ഫ്ലാറ്റ് പൊളിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മരട് നഗരസഭയിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ പൊളിക്കുന്ന ഓരോ ഫ്ലാറ്റുകളുടെയും ദൃശ്യങ്ങൾ ലഭ്യമാകും.
കൺട്രോൾ റൂമിൽ നിന്നുള്ള നിർദേശം അനുസരിച്ചായിരിക്കും സ്ഫോടനം നടത്തുക. പൊളിക്കുന്ന ഫ്ലാറ്റുകളിൽ നിന്ന് 100 മീറ്റർ അകലെയാണ് ബ്ലാസ്റ്റിങ് ഷെഡ്ഡുകൾ നിർമിക്കുക. പൊളിക്കൽ ചുമതലയുള്ള വിദഗ്ധർ മാത്രമാകും ഇതിനകത്ത് ഉണ്ടാകുക. ഇതിൽ സ്ഥാപിച്ചിരിക്കുന്ന ബ്ലാസ്റ്റിങ് എക്സ്പ്ലോഡർ സ്വിച്ച് ഓൺ ചെയ്യുമ്പോളാണ് ഡിറ്റനേറ്ററിലൂടെ വൈദ്യുതി പ്രവഹിക്കുന്നതും സ്ഫോടനം ആരംഭിക്കുന്നതും.