എറണാകുളം: മുസിരിസ് ബസാറിലെ കച്ചവടക്കാർ പ്രതിസന്ധിയില്‍. സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ എത്താത്തതാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്. കേരളത്തിലെ വഴിയോര കച്ചവടക്കാർക്കായി ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ആദ്യത്തെ കച്ചവടകേന്ദ്രമാണ് മുസിരിസ് ബസാര്‍. 38.50 ലക്ഷം രൂപ ചെലവില്‍ പറവൂർ നഗരസഭ നിര്‍മിച്ച ബസാറിന്‍റെ ഉദ്‌ഘാടനം ഫെബ്രുവരി 15നാണ് നടത്തിയത്.
മുന്‍സിപ്പല്‍ കവല മുതൽ ചേന്ദമംഗലം കവല വരെയുണ്ടായിരുന്ന നൂറോളം വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചാണ് നഗരസഭ പുനരധിവാസ പദ്ധതിയൊരുക്കിയത്. ഇതിൽ 24 പേർക്കാണ് നഗരസഭ കച്ചവടം നടത്താനുള്ള അനുവാദം നൽകിയത്. അതിനായി ബാങ്കിൽ നിന്നും 50,000 രൂപ പലിശരഹിത വായ്‌പയും നൽകിയിരുന്നു. 14 പേർ ബസാറിൽ കച്ചവടം തുടങ്ങിയെങ്കിലും കച്ചവടം നഷ്‌ടമായതിനാൽ അവരിൽ പലരും ഇപ്പോൾ മുസിരിസ് ബസാറില്‍ എത്താറില്ല. വെറും നാല് കച്ചവട സ്റ്റാളുകൾ മാത്രമാണ് ഇവിടെ നിലവിലുളളത്.