എറണാകുളം: ജൈവ പച്ചക്കറി കൃഷിയില്‍ വിജയം കൊയ്‌ത് കോതമംഗലം കോഴിപിള്ളി സർക്കാർ എൽപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ജൈവ പച്ചക്കറി വിളവെടുപ്പ് ആന്റണി ജോൺ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. സ്കൂൾ വളപ്പിൽ ഗ്രോബാഗുകളിൽ മധുര കിഴങ്ങ്, വഴുതന, തക്കാളി കാബേജ് തുടങ്ങിയവയുടെ കൃഷിയും സ്‌കൂൾ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ കരനെൽ കൃഷിയുമാണ് വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും നേതൃത്വത്തിൽ ചെയ്യുന്നത്.
അധ്യാപകരുടേയും കുട്ടികളുടെയും പരിചരണത്തിൽ വിളവെടുക്കുന്ന ജൈവ പച്ചക്കറികള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്. വിഷരഹിത പച്ചക്കറിയുടെ ക്യാംപെയിനുമായി സർക്കാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ സ്ഥലപരിമിതി വകവെക്കാതെ ഗ്രോബാഗുകളിൽ കൃഷി ചെയ്ത് നൂറ് മേനി വിളയിക്കാൻ സാധിച്ച സ്കൂൾ മറ്റ് സ്കൂളുകൾക്ക് മാതൃകയാണെന്ന് പൂർവ വിദ്യാർഥിയും എംഎൽഎയുമായ ആന്‍റണി ജോണ്‍ പറഞ്ഞു. സ്‌കൂളില്‍ ജൈവ കൃഷിക്ക് കൂടുതൽ പ്രാധാന്യം കൊടുക്കും. തരിശായ ബാക്കി സ്ഥലങ്ങളിൽ കൃഷിയിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നൂറ് വർഷം പിന്നിടുന്ന സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കൃഷി ഒരു പാഠഭാഗമാക്കി കൃഷിക്ക് പ്രാധാന്യം നൽകുന്നത് മാതൃകാപരമാണെന്ന് വാർഡ് മെമ്പർ പറഞ്ഞു.