എറണാകുളം: മതസൗഹാർദ്ദത്തിന്‍റെ സന്ദേശവുമായി കൊച്ചിയിൽ നബിദിനാഘോഷം സംഘടിപ്പിച്ചു. മദ്രസാ വിദ്യാർഥികൾ അവതരിപ്പിച്ച ദഫ് മുട്ടിന്‍റെ അകമ്പടിയോടെയായിരുന്നു മീലാദ് സന്ദേശ ഘോഷയാത്ര നടന്നത്. തോട്ടത്തുംപടി ജുമാമസ്ജിദ് കമ്മിറ്റി ഒരുക്കിയ നബിദിന റാലിയിൽ ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്‍റ് സി.ജി രാജഗോപാൽ പങ്കെടുത്തു. നബി ദിനാഘോഷത്തിൽ പങ്കെടുത്തത് ഏറെ സന്തോഷം പകര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളുടെ പരിപാടിയിൽ പങ്കെടുത്ത പ്രതീതിയാണുള്ളതെന്നും പ്രവാചകൻ മുഹമ്മദ് നബി ഉൾപ്പടെയുള്ള സാമൂഹ്യ പരിഷ്കർത്താക്കൾ പഠിപ്പച്ച സന്ദേശം ഒന്ന് തന്നെയാണെന്ന് താൻ മനസ്സിലാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നബിദിനാഘോഷത്തിന്‍റെ ഭാഗമായുള്ള അന്നദാന ചടങ്ങിലും സിജി രാജഗോപാൽ പങ്കെടുത്തു. സൗഹൃദത്തിനും സഹിഷ്ണുതയ്ക്കും വളരെ ഏറെ പ്രാധാന്യം നൽകിയ പ്രവാചകനാണ് മുഹമ്മദ് നബിയെന്ന് തോട്ടത്തും പടി ജുമാ മസ്ജിദ് ഖത്തീബ് അബ്ദുസലാം സഖാഫി പറഞ്ഞു. വർഗ്ഗീയതക്ക് വേണ്ടി പ്രവർത്തിക്കുന്നവനും വർഗ്ഗീയത കാരണമായി കൊല ചെയ്യപ്പെട്ടവനും നമ്മിൽപെട്ടവനല്ലെന്നാണ് പ്രവാചകൻ പഠിപ്പിച്ചത്. മാനവ മൈത്രിയിലൂന്നിയ സന്ദേശമാണ് നബിദിനാഘോഷത്തിൽ പങ്കുവെക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തോട്ടത്തുംപടി ജുമാമസ്ജിദ് കമ്മിറ്റി സംഘടിപ്പിച്ച മീലാദ് റാലിക്ക് അബ്ദുൾ സമദ് ഫൈസി, സെക്രട്ടറി ജബ്ബാർ പുന്നക്കാടൻ, പ്രസിഡന്‍റ് ഷാജഹാൻ എന്നിവർ നേതൃത്വം നൽകി. രണ്ടായിരത്തോളം ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ, നബി അനുസ്മരണ സമ്മേളനം എന്നിവയോടെയാണ് നബി ദിനാഘോഷ ചടങ്ങുകൾ സമാപിക്കുക. കൊച്ചിയിൽ വിവിധ മസ്ജിദ് കമ്മിറ്റികളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചത്.