എറണാകുളം : കൊച്ചിയിലെ ആശുപത്രിയിൽ ഹൃദയം മാറ്റി വെച്ച കോതമംഗലം സ്വദേശി ലീന ആശുപത്രി വിട്ടു. മസ്‌തിഷ്ക മരണം സംഭവിച്ച ലാലിയുടെ ഹൃദയം തിരുവനന്തപുരത്ത് നിന്നും എയർ ആംബുലൻസിൽ കൊച്ചിയിലെത്തിച്ചായിരുന്നു ലീനയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്.
അതീവ ഗുരുതരാവസ്ഥയിൽ എറണാകുളം ലിസി ആശുപത്രിയിലെത്തിയ ലീന പുതിയൊരു ഹൃദയവുമായാണ് പുതുജീവിതത്തിലേക്ക് മടങ്ങിയത്. സർക്കാറിനും ആശുപത്രി അധികൃതർക്കും ലീനയും കുടുംബവും നന്ദി അറിയിച്ചാണ് ആശുപത്രി വിട്ടത്. 23 ദിവസം നീണ്ട ആശുപത്രി വാസം കഴിഞ്ഞുവെങ്കിലും പരിശോധനകൾ തുടരും. ഇനിയുള്ള മൂന്ന് മാസം എല്ലാ ആഴ്ച്ചയും ആശുപത്രിയിലെത്തി ലീന പരിശോധനകൾക്ക് വിധേയമാകും.
പിന്നീടിത് മാസത്തിൽ ഒരു തവണയായി കുറച്ച് കൊണ്ട് വരുമെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. ജോസ് ചാക്കോ പെരിയപുറം പറഞ്ഞു. തനിക്ക് ലഭിച്ചത് മികച്ച ചികിത്സയും പരിചരണവുമാണെന്ന് ലീന അറിയിച്ചു. ലിസി ആശുപത്രിയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ കേക്ക് മുറിച്ച് സന്തോഷം പ്രകടിപ്പിച്ചാണ് അവർ മടങ്ങിയത്.
അതേസമയം യാത്രയയപ്പ് ചടങ്ങിൽ ലീനയുടെ മക്കളായ ബേസിലും ഷിയോണയും അവയവദാന സമ്മതപത്രത്തിൽ ഒപ്പിട്ടു. അമ്മയുടെ ജീവൻ തിരിച്ച് ലഭിച്ചതിലുള്ള സമൂഹത്തോടുള്ള കടപ്പാടാണ് അവയവ ദാനത്തിന് പ്രേരണയായതെന്ന് മകൻ ബേസിൽ പറഞ്ഞു. ആർച്ച് ബിഷപ്പ് ആന്‍റണി കരിയിൽ, കൊച്ചി എസിപി ലാൽജി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.