എറണാകുളം : എകെജി സെന്‍റര്‍ ആക്രമണ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്‌തതിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. സിപിഎമ്മിനോടും പൊലീസിനോടും പറയാനുള്ളത് തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്നാണ്. അറസ്റ്റ് ചെയ്‌ത കോൺഗ്രസ് പ്രവർത്തകനെ വിട്ടയച്ചില്ലെങ്കിൽ നാളെ (സെപ്‌റ്റംബർ 23) പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.
കുറ്റം സമ്മതിച്ചുവെന്ന് പറയുന്നത് അസംബന്ധമാണ്. ഇതേ നിലപാടുമായി മുന്നോട്ടുപോയാൽ വേണ്ടി വന്നാൽ നിയമം കയ്യിലെടുക്കും. കോൺഗ്രസിന് ബന്ധമില്ലാത്ത ഈ സംഭവത്തിൽ പ്രവർത്തകനെ പ്രതിയാക്കിയത് പാര്‍ട്ടി നോക്കിയിരിക്കുമെന്ന് സിപിഎമ്മോ പിണറായി വിജയനോ കരുതേണ്ടെന്നും കെ സുധാകരൻ മുന്നറിയിപ്പ് നല്‍കി.
എകെജി സെന്‍ററിന് നേര്‍ക്ക് ഓലപ്പടക്കം എറിയേണ്ട ഒരു കാര്യവും ഞങ്ങൾക്കില്ല. എന്താണിതിന്‍റെ രാഷ്‌ട്രീയ ലക്ഷ്യമെന്ന് അറിയില്ല. കെപിസിസി ഓഫിസ് ആക്രമിച്ച സംഭവത്തിൽ പ്രതികളുടെ പേര് നൽകിയിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സ്റ്റേഷനിലെത്തിച്ച് എന്തോ ഒരു തരം ചോക്ലേറ്റ് നൽകി ബോധമില്ലാതാക്കി കുറ്റം സമ്മതിപ്പിക്കുകയാണെന്നും കെ സുധാകരൻ ആരോപിച്ചു. ഇതൊരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല.
ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ച ബാനറിൽ സവർക്കറുടെ ഫോട്ടോ വന്ന സംഭവം അബദ്ധമാണ്. അത് മനസിലാക്കിയപ്പോൾ തിരുത്തുകയും ചെയ്‌തിട്ടുണ്ട്. ബോധപൂർവമല്ലാത്ത സംഭവത്തിൽ നടപടി ആവശ്യമില്ലെന്നും കെ സുധാകരൻ പ്രതികരിച്ചു.