എറണാകുളം: ഇൻഫോ പാർക്കിന് സമീപത്തെ ഫ്ലാറ്റിൽ മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്‌ണയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അർഷാദിന്‍റെ കാമുകിയെ കുറിച്ചും പോലീസ് അന്വേഷണം തുടങ്ങി. മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊല നടത്തിയതെന്നും, മറ്റാർക്കും പങ്കില്ലെന്നും പ്രതി മുൻപ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ മറ്റാർക്കെങ്കിലും കൊലപാതകത്തിൽ നേരിട്ടോ അല്ലാതായോ പങ്കുണ്ടാകാനുളള സാധ്യത പൊലീസ് തള്ളി കളയുന്നില്ല.
സംഭവത്തിന് മുമ്പും ശേഷവും പ്രതി അർഷാദ് നടത്തിയ ഫോൺ വിളികൾ വിശദമായി പരിശോധിച്ച് വരികയാണ്. പ്രതി പിടിയിലായ മഞ്ചേശ്വരത്ത് എത്തിച്ചും ഇന്ന്(23.08.2022) തെളിവെടുപ്പ് നടത്തും. നിലവിൽ ഓഗസ്‌റ്റ് 27 വരെയാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടത്.
ഇയാൾക്കൊപ്പം അറസ്‌റ്റിലായ സുഹൃത്ത് അശ്വന്തിനെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും. കൊല്ലപ്പെട്ട സജീവ് കൃഷ്‌ണയുടെ കയ്യിലുണ്ടായിരുന്ന 1.56 കിലോ കഞ്ചാവ്, 5.2 ഗ്രാം എം.ഡി.എം.എ, 104 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും പ്രതി അർഷാദ് എടുത്തിരുന്നു. ഇവ മംഗളുരുവില്‍ എത്തിച്ച് വില്‌പന നടത്തുകയായിരുന്നു ലക്ഷ്യം.
ഇത് സജീവ് കൃഷ്‌ണയുടെ കൈവശമുള്ളവയാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതി ഒളിവിൽ കഴിഞ്ഞ ലോഡ്‌ജിൽ ഉൾപ്പടെ തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. ലഹരി മരുന്ന് വാങ്ങാൻ സജീവിന് അർഷാദ് കടമായി പണം നൽകിയിരുന്നു. ലഹരി മരുന്ന് വിറ്റ ശേഷം പണം തിരികെ നൽകാൻ സജീവ് തയ്യാറാകാത്തതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സജീവിനെ കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബെഡ് ഷീറ്റിൽ പൊതിഞ്ഞ് ഒളിപ്പിച്ച് ഫ്ലാറ്റിൽ നിന്ന് അർഷാദ് കടന്നു കളയുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച(16.08.2022) വൈകുന്നേരമാണ് സജീവ് കൃഷ്‌ണയുടെ മൃതദേഹം ഇൻഫോപാർക്കിന് സമീപത്തെ ഫ്‌ളാറ്റില്‍ ബെഡ് ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സജീവ് ഉള്‍പ്പടെ നാല് പേരാണ് ഇവിടെ ഒരുമിച്ച് താമസിച്ചിരുന്നത്.
ഇതില്‍ രണ്ട് പേര്‍ വിനോദയാത്രയ്‌ക്ക് പോയ സമയത്തായിരുന്നു കൂടെ തമസിച്ചിരുന്ന പയ്യോളി സ്വദേശി അർഷാദ് സജീവ് കൃഷ്‌ണയെ കൊലപ്പെടുത്തിയത്.