എറണാകുളം: ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് നടത്തി കൂടുതല്‍ ഈയാംപാറ്റകളെ സൃഷ്ടിക്കുന്ന തിരക്കിലാണ് സര്‍ക്കാരെന്ന് കേരള പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍. തദ്ദേശീയ ചെറുകിട നിക്ഷേപകരുടെ നിക്ഷേപങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും പ്രതിസന്ധികള്‍ മാത്രം സമ്മാനിക്കുന്ന സര്‍ക്കാരും ബ്യൂറോക്രാറ്റ്‌സുമാണ് ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് സംഘടിപ്പിച്ച് പുതിയ ഈയാംപാറ്റകളെ സൃഷ്ടിക്കുന്നതെന്നും കേരള പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. ഇന്നു ഞാന്‍ നാളെ നീ എന്ന മുദ്രാവാക്യവുമായി ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് ദിനത്തില്‍ ഹൈക്കോടതി ജംഗ്ഷനില്‍ കേരള പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ സത്യഗ്രഹം സംഘടിപ്പിച്ചു.
ബദല്‍ സംവിധാനം ഒരുക്കാതെയും നിര്‍ദ്ദേശിക്കാതെയും ജനുവരി ഒന്നു മുതല്‍ ഏകപക്ഷിയമായി പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കേരളത്തിലെ 1300പരം ചെറുകിട പ്ലാസ്റ്റിക് അധിഷ്ഠിത ഉല്‍പന്ന നിര്‍മാതാക്കളും അവരുടെ ജീവനക്കാരും സത്യഗ്രഹത്തില്‍ പങ്കെടുത്തു. നിര്‍മാതാക്കളുടെ പക്കലും വ്യാപാരികളുടെ പക്കലുമായി 2000 കോടിയുടെ ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുമ്പോഴാണ് സംസ്ഥാനത്തെ കേവലം മൂന്ന് മുതിര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ സ്വാർഥ താല്‍പര്യത്തിന് വഴങ്ങി പ്ലാസ്റ്റിക് നിരോധനം സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സംഘടനയുടെ മുന്‍ പ്രസിഡന്റ് പി.ജെ. മാത്യു ആരോപിച്ചു.