എറണാകുളം: കേരള ഹൈക്കോടതി മൂന്ന് മാസത്തേക്ക് അടച്ചിടണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ രോഗം സ്ഥിരീകരിച്ച പൊലീസുദ്യോഗസ്ഥന്‍ ഹൈക്കോടതിയിൽ എത്തിയ സാഹചര്യത്തിലാണ് അഭിഭാഷകരുടെ സംഘടന ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഉദ്യോഗസ്ഥനുമായി സമ്പര്‍ക്കമുണ്ടായിരുന്ന ഹൈക്കോടതി ജഡ്‌ഡജി സുനിൽ തോമസ്, അഡ്വക്കറ്റ് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥർ, വിജിലൻസ് ജി.പി തുടങ്ങിയവർ നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഈയൊരു ഘട്ടത്തിൽ സാധാരണ സിറ്റിങുകൾ ആശങ്കയുണർത്തുന്നതാണ്. വീഡിയോ കോൺഫ്രൻസിലൂടെ കോടതിയുടെ പ്രവർത്തനം പരിമിതിപ്പെടുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. അതേസമയം ഹൈക്കോടതി പരിസരം പ്രത്യേക അഗ്നിശമന സേന സംഘമെത്തി അണുവിമുക്തമാക്കി. അഡ്വക്കേറ്റ് അസോസിയേഷൻ ഓഫീസ്, ഹൈക്കോടതിക്കുള്ളിലെ എസ്.ബി.ഐ ബ്രാഞ്ച് എന്നിവയും അണുവിമുക്തമാക്കി. നിലവിലെ സാചര്യം വിലയിരുത്താൻ ഹൈക്കോടതി ജഡ്‌ജിമാരും യോഗം ചേരും.