എറണാകുളം : മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ അഴിമതിക്കേസ് കേരള ഹൈക്കോടതി റദ്ദാക്കി. 2013ല്‍ തുറമുഖവകുപ്പ് ഡയറക്ടര്‍ ആയിരിക്കേ, ഡ്രെഡ്‌ജര്‍ വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ വിജിലന്‍സ് ഫയല്‍ ചെയ്ത എഫ്‌ഐആറാണ് ജസ്റ്റിസ് നാരായണ പിഷാരടി റദ്ദാക്കിയത്.
എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഡ്രെഡ്‌ജര്‍ വാങ്ങാന്‍ എട്ടുകോടി രൂപ അനുവദിച്ച സ്ഥാനത്ത് 19 കോടി രൂപ ചെലവഴിച്ചെന്നാണ് വിജിലന്‍സിന്‍റെ എഫ്‌ഐആറില്‍ പറയുന്നത്. നേരത്തെ ഹൈക്കോടതി തള്ളിയ ആരോപണത്തില്‍ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നായിരുന്നു ജേക്കബ് തോമസിന്‍റെ വാദം.
also read: തളിപ്പറമ്പ് സിപിഎമ്മിലെ വിഭാഗീയത ; മുരളീധരനെയും മകനെയും വധിക്കുമെന്ന് ഭീഷണി
മൂന്ന് സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ഡിപ്പാർട്ട്‌മെന്‍റ് പർച്ചേസ് കമ്മിറ്റി(ഡിപിസി)യാണ് ഡ്രെഡ്‌ജര്‍ വാങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ കേസില്‍ ഡിപിസിയിലെ മറ്റ് അംഗങ്ങളെയോ കമ്പനിയായ ഐഎച്ച്‌സി മെർവീഡിനെയോ അതിന്‍റെ ഉദ്യോഗസ്ഥരെയോ കൂട്ടുപ്രതികളായി ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.