എറണാകുളം: ഒരാഴ്‌ചത്തെ ഇസ്രയേൽ സന്ദർശനത്തിനുശേഷം, കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കർഷകരും കൊച്ചിയിൽ തിരിച്ചെത്തി. 27 അംഗ സംഘത്തിലുണ്ടായിരുന്ന കണ്ണൂർ ഇരിട്ടി സ്വദേശിയും കർഷകനുമായ ബിജു കുര്യൻ (48) ഇല്ലാതെയാണ് സംഘം തിരിച്ചെത്തിയത്. രാത്രിയില്‍ ഭക്ഷണത്തിന് പുറത്തിറങ്ങിയ സമയത്താണ് ബിജുവിനെ കാണാതായതെന്ന് തിരിച്ചെത്തിയവർ പ്രതികരിച്ചു.
ബിജു കുര്യന്‍റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഇയാളെ കാണാനില്ലെന്ന് കാണിച്ച് അന്നുതന്നെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ പറയുന്നു. അതേസമയം ഇസ്രയേൽ പൊലീസ് ഇയാൾക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്. ഫെബ്രുവരി 12നാണ് സംഘം ഇസ്രയേലിലേക്ക് കൃഷി രീതികൾ പഠിക്കാൻ സംസ്ഥാനത്ത് നിന്നും പുറപ്പെട്ടത്. ഇസ്രായേലിലെ ഹോട്ടലില്‍ നിന്ന് 17ന് രാത്രി മുതലാണ് ഇയാളെ കാണാതായത്. ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്ക് പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു വാഹനത്തിൽ കയറിയില്ല. തുടർന്ന് ഇയാളെ കാണാതാവുകയായിരുന്നു.
ഭാര്യയ്‌ക്ക് ബിജുവിന്‍റെ മെസേജ്: ബിജുവിനെക്കുറിച്ച് സംഘാംഗങ്ങൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. ഇതിനിടെ താൻ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും ബിജു കുര്യൻ ഭാര്യയ്ക്ക് വാട്‌സ്‌ആപ്പിൽ ശബ്‌ദ സന്ദേശം അയച്ചിരുന്നതായി സഹോദരൻ അറിയിച്ചിരുന്നു. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. 10 വർഷത്തിലേറെ കൃഷിപരിചയവും ഒരു ഏക്കറിന് മുകളിൽ കൃഷിഭൂമിയുമുള്ള അമ്പത് വയസ് പൂർത്തിയാകാത്ത കർഷകരിൽ നിന്നുള്ള അപേക്ഷയാണ് ഇസ്രയേല്‍ യാത്രയ്‌ക്ക് കൃഷി വകുപ്പ് സ്വീകരിച്ചത്.