എറണാകുളം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്‌ടോബര്‍ രണ്ട് (ഞായര്‍) പ്രവൃത്തി ദിനമാക്കാനുള്ള മന്ത്രിസഭ തീരുമാനത്തിനെതിരെ കെസിബിസി രംഗത്ത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഞായറാഴ്‌ച ദിവസങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രവൃത്തി ദിനമാക്കുന്നത് പതിവാക്കിയിരിക്കുകയാണെന്നും കെ.സി.ബി.സി പ്രസ്‌താവനയില്‍ പറഞ്ഞു.
ക്രൈസ്‌തവ സമൂഹം വളരെയധികം പ്രാധാന്യം നല്‍കുന്നതും പ്രത്യേകമായി ആചരിക്കുകയും ചെയ്യുന്ന ദിവസമാണ് ഞായര്‍. കഴിഞ്ഞ ജൂണ്‍ 30നും (ഞായറാഴ്‌ച) സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവൃത്തി ദിനമായിരുന്നു. എല്ലാ വര്‍ഷവും ഓണത്തോടനുബന്ധിച്ച് നടത്തുന്ന വള്ളം കളിയും ഇത്തവണ ഞായറാഴ്‌ചയാണ് നടന്നത്.
വിവിധ മത്സര പരീക്ഷകള്‍ക്കും മറ്റ് പരിപാടികള്‍ക്കും ഞായറാഴ്‌ച ദിവസങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന രീതിയും വര്‍ധിച്ചിരിക്കുകയാണെന്നും കെസിബിസി കുറ്റപ്പെടുത്തി.ഇത്തരത്തിലുള്ള പ്രവണതയോട് കേരള കത്തോലിക്ക മെത്രാന്‍ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഒക്ടോബര്‍ രണ്ടിന് സംസ്ഥാന വ്യാപകമായി നിശ്ചയിച്ചിരിക്കുന്ന പരിപാടികള്‍ ഒക്ടോബര്‍ ഒന്നോ, മൂന്നോ തിയതികളിലേക്ക് പുന:ക്രമീകരിക്കാനും കെസിബിസി പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.