എറണാകുളം: അഭിഭാഷക ഓഫിസിലെ ജീവനക്കാരിയെ മർദിച്ച കേസിൽ കോൺഗ്രസ് നേതാവും കെ.പി.സി.സി സെക്രട്ടറിയുമായ അഡ്വ. ബി.ആർ.എം ഷഫീർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ, ഇയാളുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ശേഷം കോടതി, സർക്കാരിനോട് നിലപാട് തേടുകയുണ്ടായി.
ക്ലർക്കായി ജോലി ചെയ്‌തിരുന്ന സ്‌ത്രീയെ ഓഫിസിൽ വച്ച് ചീത്ത വിളിക്കുകയും ദേഹത്ത് പിടിച്ച് തള്ളിയെന്നുമായിരുന്നു പരാതി. ജീവനക്കാരിയുടെ പരാതിയിൽ നെടുമങ്ങാട് പൊലീസാണ് കേസെടുത്തത്. പരാതിയിൽ കഴമ്പില്ലെന്നും നേരത്തെ ഒത്തുതീർപ്പാക്കി എന്നുമാണ് ബി.ആർ.എം. ഷഫീറിന്‍റെ വാദം.
തന്‍റെ ഓഫിസിൽ നിന്ന് ചില പ്രമാണങ്ങൾ കാണാതായ സംഭവത്തിൽ നേരത്തെ ഒരു കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജീവനക്കാരി തനിക്കെതിരെ പരാതി നൽകിയതെന്നും ഷഫീർ വാദിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ വർക്കലയിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു ഷഫീർ.