എറണാകുളം : പുരാവസ്‌തു തട്ടിപ്പ് കേസ് പ്രതി മോൻസന്‍റെ പ്രേരണയിൽ പൊലീസ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുൻ ഡ്രൈവർ അജിത് നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കുന്നതിന് പൊലീസ് സാവകാശം തേടിയതിനെ തുടർന്നാണ് നടപടി.
മോൻസൺ കേസിൻ്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ചൊവ്വാഴ്‌ച സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. നിലവിൽ നടക്കുന്ന അന്വേഷണം മതിയാകുമോ എന്ന കാര്യം ഉൾപ്പടെ റിപ്പോർട്ടിൽ വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
Also Read: പുരാവസ്തു തട്ടിപ്പ്: മോൻസനെ ക്രൈംബ്രാഞ്ച് കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
അജിത് നൽകിയ പൊലീസ് പീഡന പരാതി പരിഗണിക്കവെയാണ് അന്വേഷണ പുരോഗതി സംബന്ധിച്ച് കോടതി സംശയങ്ങൾ ഉന്നയിച്ചത്. പരാതിയിൽ സൂചിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിൽ തുടരുന്നുണ്ടല്ലോ എന്ന് കോടതി പറഞ്ഞിരുന്നു.
എന്തടിസ്ഥാനത്തിലാണ് മോൻസണിന് പൊലീസ് സംരക്ഷണം നൽകിയത്. എന്തുകൊണ്ടാണ് മോൻസനെക്കുറിച്ച് നേരത്തെ അന്വേഷിക്കാതിരുന്നത്. ആനക്കൊമ്പ് ഉൾപ്പെടെ കാണുമ്പോൾ അതിൽ അന്വേഷണം നടത്തേണ്ടതല്ലേ എന്നെല്ലാം കോടതി ചോദിച്ചിരുന്നു. ഇക്കാര്യങ്ങൾ എല്ലാം വിശദീകരിക്കുന്ന റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതിയുടെ നിർദേശം.