തിരുവനന്തപുരം : എഐ ക്യാമറ പദ്ധതിയിൽ സർക്കാരിന് തിരിച്ചടി. കോടതിയുടെ അനുമതി ഇല്ലാതെ ബന്ധപ്പെട്ട കമ്പനികൾക്ക് പണം നൽകരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എഐ ക്യാമറയുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും പരിശോധിക്കണം. ഖജനാവിന് നഷ്‌ടമുണ്ടായിട്ടുണ്ടോ, അധിക സാമ്പത്തിക ബാധ്യതയുണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങൾ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.
എഐ ക്യാമറ അഴിമതിയിൽ കോടതി മേൽ നോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ട് വിഡി സതീശനും, രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതി നടപടി. ഹർജിയിൽ കഴമ്പുണ്ടെന്നു വ്യക്തമാക്കിയ കോടതി, സർക്കാരടക്കമുള്ള എതിർ കക്ഷികൾക്ക് നോട്ടീസും അയച്ചു.
രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ആരോപണങ്ങളിന്മേൽ വിശദമായ സത്യവാങ്‌മൂലം നൽകണമെന്നും ഹർജിക്കാരോട് കോടതി നിർദേശിച്ചു. എഐ ക്യാമറ വിഷയത്തിൽ പല ഭാഗത്തുനിന്നും എതിർപ്പുകളുയർന്നിരുന്നു. പദ്ധതിയിൽ മോട്ടോർ വാഹന വകുപ്പിന്‍റെ പ്രാപ്‌തിയെപ്പറ്റി ധനവകുപ്പ് സംശയം ഉന്നയിച്ചുവെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. ഹർജി ഹൈക്കോടതി മൂന്നാഴ്‌ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കും.
ഹർജിയിലെ ആരോപണങ്ങൾ : ചട്ടങ്ങൾക്ക് വിരുദ്ധമായി ടെൻഡർ യോഗ്യതകളില്ലാത്ത എസ്ആർഐടി പ്രസാഡിയോ, അശോക ഉൾപ്പെടെയുള്ള കമ്പനികൾക്ക് ഉപകരാർ നൽകി. ഇതു വഴി സർവീസ് ചാർജിനത്തിൽ കോടികൾ തട്ടിയെടുത്തു. 236 കോടി രൂപയുടെ പദ്ധതിയിൽ അഴിമതി നടത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയായിരുന്നു കെൽട്രോണും സ്‌റിറ്റുമടക്കം കരാറിലേർപ്പെട്ടതെന്നായിരുന്നു ഹർജിയിലെ ആരോപണങ്ങൾ.
ഹർജിയിലെ ആവശ്യങ്ങൾ : കെൽട്രോണും, മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള കരാർ, എസ്ആർഐടിയും കെൽട്രോണും ഒപ്പിട്ട കരാർ, എസ്ആർഐടി നടത്തിയ മറ്റ് ഉപകരാറുകൾ ഇവയെല്ലാം റദ്ദാക്കണമെന്നും സാങ്കേതിക പരിജ്ഞാനമില്ലാത്ത എസ്ആർഐടിക്ക് ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ എ ഐ ക്യാമറയുടെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യങ്ങൾ.
പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള കേസ് : എ ഐ ക്യാമറ അഴിമതിക്കെതിരെ താനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് രമേശ് ചെന്നിത്തല നേരത്തേ അറിയിച്ചിരുന്നു. അതേസമയം പ്രതിപക്ഷ നേതാക്കൾക്ക് എതിരെയുള്ള കേസുകൾ സംസ്ഥാന സര്‍ക്കാറിന്‍റെ അഴിമതികൾ പുറത്തുകൊണ്ടുവന്നതിനുള്ള പ്രയാസമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരേയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരേയും കേസെടുത്ത നടപടിയെക്കുറിച്ച് തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമലംഘനങ്ങൾ എ ഐ ക്യാമറയിൽ : സംസ്ഥാനത്ത് എഐ കാമറ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) വഴി കണ്ടെത്തിയ നിയമ ലംഘനങ്ങൾക്ക് ജൂൺ 13 വരെ 13,318 പേർക്കാണ് തപാൽ വഴി പിഴ നോട്ടിസ് അയച്ചത്. 40,312 നിയമ ലംഘനങ്ങൾ തുടർ നടപടികൾക്കായി പരിവാഹൻ സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്.